കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ കഴിയൂവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജനങ്ങളടെ പങ്കാളിത്തം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമുലു. കൊവിഡിനെ പിടിച്ചു കെട്ടുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

By

Published : Jul 16, 2020, 4:15 PM IST

covid-19  B Sriramulu  Karnataka Health Minister on COVID-19  COVID-19 cases in Karnataka  കൊവിഡ് വ്യാപനം  ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി  കര്‍ണാടക  ബി ശ്രീരാമുലു  കൊവിഡ് 19
കൊവിഡ് വ്യാപനം; ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ ദൈവത്തിന് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജനങ്ങളടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പിടിച്ചു കെട്ടുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രദുര്‍ഗയില്‍ വെച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്‍റെ പ്രസ്‌താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. നമ്മളെയെല്ലാം രക്ഷിക്കാന്‍ ദൈവം മാത്രമേയുള്ളുവെന്നും ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം മാത്രമാണ് ഏക വഴി. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താഴ്‌ന്ന നിലവാരത്തിലുള്ള രാഷ്‌ട്രീയം കളിച്ചുവെന്നും ഇത് ആര്‍ക്കും ചേരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറും മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുമാണ് കൊവിഡിനെതിരെ പോരാടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. സര്‍ക്കാരിലെ ഐക്യമില്ലായ്‌മയും മന്ത്രിമാര്‍ തമ്മിലെ ഭിന്നതകളും പ്രതിപക്ഷം എുത്തുകാട്ടി. ആരോഗ്യമന്ത്രി ശ്രീരാമുലുവും മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ കെ സുധാകറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.

എന്നാല്‍ പിന്നീട് ശ്രീരാമലു തന്‍റെ പ്രസ്‌താവനയില്‍ വ്യക്തത വരുത്തി. വാക്‌സിന്‍ കണ്ടെത്തുന്നത് വരെ ദൈവം മാത്രമാണ് രക്ഷിക്കാനുള്ളതെന്നും ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. താന്‍ പറഞ്ഞത് ആളുകളുടെ സഹകരണത്തിന് പുറമേ ദൈവവും നമ്മെ സംരക്ഷിക്കണമെന്നാണെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ പറഞ്ഞത് കൊവിഡ് വ്യാപനത്തില്‍ ശ്രീരാമുലു നിസഹായാനായി തീര്‍ന്നെന്നാണ് ബുധനാഴ്‌ച വൈകി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറയുന്നു. വാക്‌സിന്‍ വരുന്നതു വരെ നമ്മെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയു എന്നതായിരുന്നു പ്രസ്‌താവനയിലൂടെ തന്‍റെ ഉദ്ദേശമെന്നും അത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം ബുധനാഴ്‌ച 3176 കേസുകളാണ് സ്ഥിരീകരിച്ചത്. പ്രതിദിനമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ 47,253 പേര്‍ക്കാണ് കര്‍ണാടകയില്‍ െകാവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിക്കുകയും ചെയ്‌തു. 27,853 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 18,466 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details