ലുധിയാന:ലുധിയാന ജയിലിൽ പൊലീസുകാരും തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. പൊലീസുദ്യോഗസ്ഥരുൾപ്പടെ 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് ലുധിയാന സെന്‍ട്രല്‍ ജയിലിൽ തടവുകാരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടായത്. തടവുകാരനായ സണ്ണി സൂദിന്‍റെ മരണ വാർത്ത കേട്ട് തടവുകാർ പ്രകോപിതരാവുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു സണ്ണി സൂദ്. പൊലീസുദ്യോഗസ്ഥർ സണ്ണിയെ കൊല്ലുകയായിരുന്നു എന്നാരോപിച്ച് സണ്ണിയുടെ സംഘത്തിലെ ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
ലുധിയാന ജയിലിൽ സംഘർഷം; ഒരാൾ മരിച്ചു - പൊലീസ്
സംഘർഷത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. പൊലീസുദ്യോഗസ്ഥരുൾപ്പടെ 30 പേർക്ക് പരിക്കേറ്റു
ഫയൽ ചിത്രം
സംഭവം നിയന്ത്രണവിധേയമാക്കാൻ പൊലീസ് വെടിയുതിർത്തുകയായിരുന്നു. തടവുകാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷത്തിനിടയിൽ നാലു തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഇവരെ പിടികൂടി. ചില തടവുകാർ സംഘർഷത്തെ ഫേസ്ബുക്കിൽ ലൈവ് പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് മണിക്കൂറോളം സംഘർഷം നിലനിന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി അമരിന്ദർ സിങ് ഉത്തരവിട്ടു. മൂന്ന് സിആർപിഎഫ് കമ്പനികളെ ജയിലിൽ വിന്യസിക്കുമെന്നും കേന്ദ്രം അറിയിച്ചു.