ഭുവനേശ്വർ: ഒഡീഷയിൽ 469 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,070 ആയി ഉയർന്നു. ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 36 ആയി ഉയർന്നു. ഗജപതി സ്വദേശിയായ 40 വയസുകാരനും, സുന്ദർഗഡ് സ്വദേശിയായ 64 കാരനുമാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ബലസോർ സ്വദേശിനിയായ 45 കാരി അമിതമായ രക്തസ്രാവം മൂലം മരിച്ചു.
ഒഡീഷയിൽ കൊവിഡ് ബാധിതരുടെ എണ്ണം 9,000 കടന്നു
ഒഡീഷയിൽ ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 36.
ഒഡീഷയിൽ സ്ഥിരീകരിച്ച 36 കൊവിഡ് മരണങ്ങളിൽ 20 മരണങ്ങളും ഗഞ്ചം ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. ഖുർദയിൽ നിന്ന് ഏഴ്, കട്ടക്കിൽ നിന്ന് നാല്, ഗജപതി, സുന്ദർഗഡ്, പുരി, ബാർഗഡ്, അംഗുൽ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഒഡീഷയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ നാല് എൻഡിആർഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമബംഗാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ചെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം 299 ആയി ഉയർന്നു.
പുതിയ കേസുകളിൽ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുള്ള 317 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 152 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. 20 ജില്ലകളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 3,090 പേർ ചികിത്സയിൽ തുടരുമ്പോൾ 5,934 പേർ രോഗമുക്തി നേടി. ഒഡീഷയിൽ 24 മണിക്കൂറിനുള്ളിൽ 5,317 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.