ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ആംഫാൻ' ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തുടര്‍ന്നുള്ള 12 മണിക്കൂറിനുള്ളിൽ ആംഫാൻ അതിശക്തമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.
ചുഴലിക്കാറ്റ് ഞായറാഴ്‌ച വരെ വടക്ക്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. പിന്നീടുള്ള രണ്ട് ദിവസം പശ്ചിമ ബംഗാളിലേക്കും അടുത്തുള്ള ഒഡിഷ തീരങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിൽ എത്തുന്ന കാറ്റിന്‍റെ വേഗത 90-100 കിലോമീറ്റർ വരെ വര്‍ധിക്കും. ബംഗാൾ ഉൾക്കടലിന്‍റെ കിഴക്കൻ മധ്യഭാഗത്തും പടിഞ്ഞാറൻ മധ്യഭാഗത്തും എത്തുന്ന കാറ്റ് ഇന്ന് വൈകുന്നേരത്തോടെ 110 കിലോമീറ്റർ വേഗത കൈവരിക്കും.
തിങ്കളാഴ്‌ച മധ്യ ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് ഭാഗങ്ങളിൽ 125-135 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ്, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിൽ നിന്ന് 190 കിലോമീറ്റർ വേഗതയിൽ വീശും. മെയ് 20ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ 155-165 കിലോമീറ്റർ വേഗതയിൽ നിന്ന് 180 കിലോമീറ്റർ വരെ വേഗത കൈവരിക്കും.
ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡിഷ- പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീന്‍പിടിത്തക്കാര്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്‍റെ (ഒ.ഡി.ആ.ര്‍എ.എഫ്) 20 ടീമുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 17 ടീമുകളും സ്റ്റേറ്റ് ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റിന്‍റെ 335 യൂണിറ്റുകളെയും സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. നാല് എൻഡിആർഎഫ് ടീമുകളെ കേന്ദ്രപദ, ഭദ്രക്, ജഗത്സിംഗ്‌പൂർ, ബാലസോർ ജില്ലകളിലും എട്ട് തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും 11 ഒ.ഡി.ആ.ര്‍എ.എഫ് യൂണിറ്റുകളെയും വിന്യസിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുൻകരുതല്‍ നടപടികൾ സ്വീകരിച്ചു. തീരദേശ ജില്ലകളായ ബാലസോർ, ഭദ്രക്, കേന്ദ്രപദ, ജഗത്സിംഗ്പൂർ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മൂന്ന് കിലോമീറ്റർ അകലെയുള്ള താൽക്കാലിക കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകി. ഈ ജില്ലകളിലെ ആശുപത്രികളിൽ ആവശ്യത്തിന് ജനറേറ്റർ, ഇന്ധനം, മരുന്നുകൾ, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. സ്ഥിതിഗതികളുടെ മേൽനോട്ടത്തിനായി പ്രത്യേക മെഡിക്കൽ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഗവൺമെന്‍റിന്‍റെ ബന്ധപ്പെട്ട വകുപ്പുകളും 12 തീരദേശ, സമീപ ജില്ലകളും ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പ് നൽകി. ബാലസോർ, ഭദ്രക്, കേന്ദ്രപദ, ജഗത്സിംഗ്പൂർ ജില്ലകൾ പൂർണമായും സജ്ജരായിരിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.