വിജയവാഡ: കോസ്റ്റൽ ബാങ്ക് മുൻ ഡയറക്ടറും എക്സ്പ്രസ് ടിവി എംഡിയുമായ എൻആർഐ ചിഗുരുപതി ജയറാമിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ രാകേഷ് റെഡ്ഡിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. രാകേഷ് റെഡ്ഡിയിൽ നിന്നും ജയറാം വാങ്ങിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വ്യവസായിയുടെ മരണം; കൊലപാതകമെന്ന് പൊലീസ്
കൊലപാതകം പണം തിരികെ നൽകാത്തതിനെ തുടർന്ന്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.
രാകേഷ് റെഡ്ഡിയിൽ നിന്നും വ്യാവസായിക ആവശ്യങ്ങൾക്കായി നാല് കോടി രൂപ ജയറാം കടം വാങ്ങിയിരുന്നു. പണമാവശ്യപ്പെട്ട് രാകേഷ് നിരവധിതവണ ജയറാമിനെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജയറാം തന്‍റെ ഫോൺ നമ്പർമാറ്റി. ജയറാമിന്‍റെ വാട്സപ്പ് നമ്പർ കണ്ടെത്തിയ രാകേഷ് ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജയറാമുമായി സൗഹൃദം സ്ഥാപിക്കുകയും നേരിൽ കാണുന്നതിനായി ജൂബിലി ഹിൽസിലെ ആളൊഴിഞ്ഞ വീട്ടിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
ജൂബിലി ഹിൽസിലെത്തിയ ജയറാമിനോട് പലിശയടക്കം ആറുകോടി രൂപ രാകേഷ് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വഴക്കിനിടയിലാണ് ജയറാം കൊല്ലപ്പെട്ടത്. മരണമുറപ്പാക്കിയ ശേഷം അപകടമരണമാണെന്ന് വരുത്തിത്തീർക്കാനായി മൃദദേഹം കാറിൽ കിടത്തി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.