ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ആർഎസ്എസ് നിലപാടിനെ പിന്തുണച്ച് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്‌ൻ. വിഷയം പരസ്യമായി ചർച്ച ചെയ്‌താൽ എന്താണ് പ്രശ്‌നമെന്നും എന്തൊക്കെ ആശങ്കകളുണ്ടെങ്കിലും അവയെല്ലാം ചർച്ചകളിലൂടെ ഇല്ലാതാക്കണമെന്നും സുരേന്ദ്ര ജെയ്‌ൻ പറഞ്ഞു. രാജ്യത്ത് സമാധാനം നിലനിർത്തുന്നതിനും അന്യവൽക്കരിക്കപ്പെടുന്നതായുള്ള ജനങ്ങളുടെ വികാരത്തെ മാറ്റുന്നതിനും ഇത്തരം ചർച്ചകൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്നിന്‍റെ ആവശ്യമെന്നും ഏകീകൃത സിവിൽ കോഡിനുള്ള ആവശ്യം വളരെ പഴയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡിൽ ആർഎസ്എസ് നിലപാടിനെ പിന്തുണച്ച് വിഎച്ച്പി
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പരസ്യമായ ചർച്ച നടത്തണമെന്നാണ് ആർഎസ്‌എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ഇന്നലെ അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വത്തിൽ അംബേദ്‌കർ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോമൺ സിവിൽ കോഡ് നടപ്പാക്കണമെന്ന് നാല് തവണയിൽ കൂടുതൽ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഏകീകൃത സിവിൽ കോഡ് ഉണ്ട്. ഇന്ത്യക്ക് ഇത്തരത്തിലൊരു നിയമമുണ്ടെങ്കിൽ എന്താണ് പ്രശ്‌നമെന്നും ജെയ്‌ൻ ചോദിക്കുന്നു. ഹിന്ദു അജണ്ഡയാണ് ഇതെന്ന് പറയുന്നവർ എന്തുകൊണ്ട് ഹിന്ദു ആചാരങ്ങളിലെ മാറ്റങ്ങളെ ഉൾക്കൊണ്ട നിലപാട് മറന്നുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പരസ്യമായ ചർച്ച നടത്തണമെന്നാണ് ആർഎസ്‌എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച അഭിപ്രായപ്പെട്ടത്.