ന്യൂഡല്‍ഹി: അസാമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ അസമില്‍ ജനം തെരുവിലിറങ്ങിയതിനെത്തുടര്‍ന്നാണ് മോദിയുടെ ട്വീറ്റ്. അസമിലെ എന്‍റെ എല്ലാ സഹോദരന്‍മാരും സഹോദരിമാരും ഒന്നു പേടിക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു- മോദി ട്വീറ്റ് ചെയ്‌തു. അസമിന്‍റെ സംസ്‌കാരവും, രാഷ്‌ട്രീയവും, ആരും എടുത്തുമാറ്റില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി ബില്ലില്‍ ഭയം വേണ്ടെന്ന് പ്രധാനമന്ത്രി - പൗരത്വ ഭേദഗതി ബില്‍
അസമിന്‍റെ സംസ്‌കാരവും, രാഷ്‌ട്രീയവും, ആരും എടുത്തുമാറ്റില്ലെന്ന് മോദി ട്വീറ്റ് ചെയ്‌തു
പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിൽ പാസായതിനെ തുടർന്ന് അസം, ത്രിപുര അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ ആരംഭിച്ചിരുന്നു. ബില്‍ രാജ്യസഭ കൂടി കടന്നതോടെ സംഘര്‍ഷം രൂക്ഷമാവുകയാണ്. അക്രമങ്ങൾ നേരിടാനായി ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് സൈന്യം നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസ് കണ്ണീർ ഗ്യാസും ഷെല്ലുകളും ബാറ്റൺ ചാർജും പ്രക്ഷോഭകർക്ക് നേരെ പ്രയോഗിച്ചിരുന്നു. അതേ സമയം അസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ പ്രതിഷേധക്കാർ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ഉണ്ടായി.