ന്യൂഡൽഹി: ലോകത്താകമാനം കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗബാധ നേരിടാൻ രാജ്യത്തെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസിനെതിരായി എല്ലാ അവശ്യ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കൊവിഡ് 19; പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി
സ്വയം പരിരക്ഷ ഉറപ്പാക്കാൻ ചെറുതെങ്കിലും പ്രധാനപ്പെട്ട നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും പ്രധാനമന്ത്രി നിർദേശിച്ചു
പേടിക്കേണ്ടതില്ല, എന്നാൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സ്വയം പരിരക്ഷ ഉറപ്പാക്കാൻ ചെറുതെങ്കിലും പ്രധാനപ്പെട്ട നടപടികൾ കൈക്കൊള്ളുക എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് ഡൽഹിയിലും തെലങ്കാനയിലും പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പരാമർശം. ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇ-വിസകൾ ഉൾപ്പെടെയുള്ള എല്ലാ വിസകളും സർക്കാർ റദ്ദ് ചെയ്‌തിരുന്നു. അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് വരേണ്ടവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കാരണം വ്യക്തമാക്കിയിതിന് ശേഷം പുതിയ വിസക്ക് അപേക്ഷിക്കേണ്ടതാണ്.
തിങ്കളാഴ്‌ചയോടെ കൊവിഡ് 19 രോഗബാധയിൽ മരണം 3000 കവിഞ്ഞിരുന്നു. ലോകത്താകമാനം 80,000ലധികം ആളുകൾക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.