കോൺഗ്രസിന് താക്കീതുമായി ബി.എസ്.പി നേതാവ് മായാവതി. കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെ തന്നെ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെയാണ് മായാവതിയുടെ പ്രതികരണം.
കോൺഗ്രസ് സഹായം വേണ്ട, ബിജെപിയെ തോല്‍പ്പിക്കാൻ ഞങ്ങൾ ശക്തർ: മായാവതി - BSP
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി എസ്.പി - ബി.എസ്.പി സഖ്യത്തിനുണ്ടെന്നും മായാവതി.
'കോൺഗ്രസിന്‍റെ തീരുമാനം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. തനിയെ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തി ഞങ്ങളുടെ (എസ്പി-ബിഎസ്പി) സഖ്യത്തിനുണ്ട്.' മായാവതി ട്വീറ്റ് ചെയ്തു. ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യവും ബി.എസ്.പിക്ക് ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്ന നുണകള്‍ വിശ്വസിച്ച് കുഴപ്പത്തില്‍ ചെന്ന് ചാടുന്നവരല്ല തങ്ങളുടെ അണികളെന്നും മായാവതി പറഞ്ഞു. എസ്.പി നേതാവ് അഖിലേഷ് യാദവും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.