കേരളം

kerala

ETV Bharat / bharat

താപനില കൊവിഡിന്‍റെ വ്യാപനത്തെ ബാധിക്കുമോ? - കൊവിഡ്

പാശ്ചാത്യ രാജ്യങ്ങളിലേക്കാള്‍ കുറവ് കൊവിഡ് കേസുകളാണ് മിതശീതോഷ്‌ണ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

താപനില കൊവിഡിന്‍റെ വ്യാപനത്തെ ബാധിക്കുമോ?
താപനില കൊവിഡിന്‍റെ വ്യാപനത്തെ ബാധിക്കുമോ?

By

Published : Apr 8, 2020, 3:30 PM IST

നിശ്ചിതമായ തലങ്ങള്‍ ഒന്നും ഇല്ലാത്ത, തീര്‍ത്തും വ്യത്യസ്‌തമായ ഒരു മഹാമാരിയാണ് കൊവിഡ്. ചൂടുള്ള കാലാവസ്ഥകളില്‍ വൈറസ് പതുക്കെ മാത്രമേ പടരുകയുള്ളൂ എന്ന ഒരു പ്രതീക്ഷയാണ് നിരവധി ആളുകളെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്മ ഇത് യഥാര്‍ത്ഥമാണെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ അധികമൊന്നുമില്ല. എങ്കിലും മിതശീതോഷ്ണ രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്ന രോഗ ബാധിതരുടെയും മരണത്തിന്‍റെയും എണ്ണം പാശ്ചാത്യ രാജ്യങ്ങളിലേക്കാള്‍ കുറവാണ് എന്നുള്ളത് ആശ്വാസം പകരുന്ന വാര്‍ത്ത തന്നെയാണ്.

ലോകത്തെമ്പാടുമുള്ള ശാസ്ത്രഞ്ജരും ഗവേഷകരുമെല്ലാം നോവല്‍ കൊറോണ വൈറസിനെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ ഏർപ്പെട്ടിരിക്കുകയാണ്. അവരില്‍ ചിലരെല്ലാം ഈ വൈറസിന്‍റെ വ്യാപനത്തിന് കാലാവസ്ഥയുമായി ബന്ധമുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റ് ചിലര്‍ ഈ വീക്ഷണങ്ങളെ എതിര്‍ക്കുന്നു. എന്നാൽ എന്‍സിഒവി താരതമ്യേന ഒരു പുതിയ വൈറസാണെന്നും അതിന്‍റെ ഗതി വിഗതികള്‍ പ്രവചിക്കാനാവില്ലെന്നും എല്ലാ ശാസ്ത്രഞ്ജരും ഒരുപോലെ സമ്മതിക്കുന്നു. ഉഷ്‌ണമേഖല പ്രദേശങ്ങളിൽ വൈറസ് ദുര്‍ബലമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇനിയും കഴിയാത്തതിനാൽ മുന്‍ കരുതലുകള്‍ എടുക്കണമെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളടക്കം നൂറ് മിതശീതോഷ്‌ണ മേഖലകളാണ് ആഗോളതലത്തിലുള്ളത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലകളില്‍ നാല് ശതമാനത്തില്‍ താഴെ മാത്രമേ രോഗം പടര്‍ന്നിട്ടുള്ളൂ. മിത ശീതോഷ്‌ണ മേഖലകളില്‍ ഈ വൈറസ് ശക്തമല്ല എന്നൊന്നും ഇത് അര്‍ഥമാക്കുന്നില്ല. പക്ഷെ ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വ്യാപനത്തെ കുറക്കാൻ കാരണമാകുന്നുണ്ട്.

പൊതുവെ വൈറസുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ വിവിധ രീതികളിലാണ് മാറ്റം വരുന്നത്. കൊവിഡിന് മുൻപ് തന്നെ ചില കൊറോണ വൈറസുകള്‍ പുറത്തു വരികയുണ്ടായി. 2003-ലെ സാര്‍സ് വൈറസിന് നോവല്‍ കൊറോണ വൈറസുമായി വളരെ അടുത്ത സാമ്യതയുണ്ട്. സാര്‍സ് വൈറസിനെ പോലെ ഈ നോവല്‍ കൊറോണ വൈറസിന് ചൂടുള്ള സ്ഥലങ്ങളില്‍ നിലനില്‍ക്കാനുള്ള കഴിവ് കുറവാണെന്ന് ചില ശാസ്ത്രഞ്ജര്‍ പ്രവചിച്ചു. കൂടിയ ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉള്ള കാലാവസ്ഥകളില്‍ ഇന്‍ഫ്‌ളുവന്‍സ അത്ര ശക്തമല്ല എന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്. കൊവിഡിന്‍റെ കാര്യം ഇനിയും തെളിയാന്‍ ഇരിക്കുന്നതേ ഉള്ളൂ എങ്കിലും വടക്കന്‍ അർദ്ധഗോളത്തിലെ നിരവധി രാജ്യങ്ങളില്‍ ഈ പകര്‍ച്ച വ്യാധി ചെറിയ തോതില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ചിലര്‍ കരുതുന്നു. അന്തരീക്ഷ താപനില കൂടിയിരിക്കുന്ന മേഖലകളില്‍ കൊവിഡിന്‍റെ വ്യാപനത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് എം ഐ ടി യിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. ഹാർവാര്‍ഡിലെ സെന്‍റര്‍ ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് ഡൈനാമിക്‌സിന്‍റ് ഡയറക്‌ടർ മാര്‍ക് ലിപ്‌സ്‌ചികും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വൈറസിന്‍റെ വ്യാപനത്തെ നിരവധി കാരണങ്ങള്‍ ബാധിക്കാനിടയുണ്ടെന്ന് മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ റെസ്‌പിരേറ്ററി മെഡിസില്‍ പ്രൊഫസറായ ടോം കോട്‌സിമ്പോസ് അഭിപ്രായപ്പെട്ടു. കൊവിഡ് രോഗകാരിയായ വൈറസിനെ കുറിച്ച് നമുക്ക് കുറച്ചു വിവരങ്ങളെ അറിയുവെന്നും അതിനാൽ മുമ്പോട്ട് പോകുമ്പോൾ രോഗം എങ്ങിനെയാണ് പ്രതികരിക്കുക എന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്‍റെ വ്യാപനത്തെ താപനില ബാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എപ്പിഡമിയോളജി ആന്‍റ് പബ്ലിക് ഹെല്‍ത്തിലെ ഡോക്ടര്‍ മേരു ഷീല്‍ പറയുന്നു.

പസഫിക് ദ്വീപ സമൂഹങ്ങളിലെ ചില മിത ശീതോഷണ മേഖലകളില്‍ ഇന്‍ഫ്‌ളുവന്‍സ ചില സീസണുകളില്‍ മാത്രം പടരുന്നുണ്ട്. മനുഷ്യ ശരീരത്തിന് പുറത്ത് വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്ന കാര്യത്തില്‍ കാലാവസ്ഥ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് എന്ന് സ്‌പെയിനിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ച്വറല്‍ സയന്‍സസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മനുഷ്യ ശരീരത്തിനു പുറത്ത് എത്രത്തോളം കാലം വൈറസ് നില നില്‍ക്കുന്നുവോ അത്രത്തോളം അതിന്‍റെ വ്യാപനവും വര്‍ധിക്കും. താപനില അഞ്ച് മുതല്‍ 11 ഡിഗ്രി സെന്‍റീഗ്രേഡ് വരെയുള്ള നഗരങ്ങളില്‍ വൈറസിന്‍റെ വളർച്ച കൂടുതല്‍ ശക്തമായിരിക്കും എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെരിലാന്‍റ് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏഷ്യയില്‍ കൊവിഡിന്‍റെ വ്യാപനത്തില്‍ കാലാവസ്ഥ നിര്‍ണായകമായ പങ്കൊന്നും വഹിക്കുന്നില്ല എന്നാണ് ഹവാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പറയുന്നത്.

കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ നൂറ് നഗരങ്ങളെ പഠനത്തിന് വിധേയമാക്കുമ്പോൾ കൂടിയ താപനിലയും അന്തരീക്ഷ ഈര്‍പ്പവും ഉള്ള മേഖലകളില്‍ വൈറസ് വ്യാപനം സാവധാനത്തിലായിരുന്നുവെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. വുഹാനില്‍ 2300 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഈ വൈറസ് പൊട്ടി പുറപ്പെട്ട സമയത്ത് നഗരത്തില്‍ കുറഞ്ഞ താപനിലയും അന്തരീക്ഷ ഈര്‍പ്പവുമായിരുന്നു. എന്നാല്‍ അന്തരീക്ഷ ഈര്‍പ്പവും താപനിലയും വര്‍ധിച്ചപ്പോള്‍ മരണ നിരക്ക് കുറഞ്ഞു. ഇന്‍ഫ്‌ളുവന്‍സക്കും സാധാരണ ജലദോഷത്തിനും കാരണമാകുന്ന വൈറസുകള്‍ തണുപ്പുള്ള മാസങ്ങളില്‍ ശക്തമാകാറുണ്ട്. കൊവിഡ് ചൈനയില്‍ തണുപ്പ് സമയത്ത് കൂടൂതല്‍ ശക്തമായിരുന്നു. ഈ വൈറസ് ഏറെ വ്യാപിച്ചിരിക്കുന്ന യൂറോപ്പിലേയും അമേരിക്കയിലേയും മിക്ക ഇടങ്ങളിലും ഇപ്പോള്‍ നല്ല തണുപ്പാണ്. ഭൂമദ്ധ്യരേഖക്ക് ചുറ്റുമുള്ള ഭൂമിയിലെ മേഖലകളാണ് മിത ശീതോഷ്ണ മേഖലകള്‍. അത്തരത്തിലുള്ള രാജ്യങ്ങളില്‍ ഒരേ തരത്തിലുള്ള പൊതു ജനാരോഗ്യ നയങ്ങളാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഏറെ കുറച്ച് കേസുകള്‍ മാത്രമേ പരിശോധനകളിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നുള്ളൂ എന്നാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.

താപനില വൈറസുകളുടെ വളർച്ചയെയും വ്യാപനത്തെയും ബാധിക്കുന്നുണ്ട്

ചില വൈറസുകള്‍ക്ക് അങ്ങേയറ്റം കടുത്ത ചൂടിനെ മറികടക്കാനാവുമെങ്കിലും അവയുടെ വ്യാപനം വൈറസിന് പുറമെയുള്ള പ്രോട്ടീന്‍ പാളിയെ ആശ്രയിച്ചിരിക്കുന്നു. ഇതേ കാരണത്താലാണ് ആരോഗ്യ വിദ്ഗധര്‍ ആളുകളോട് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് ആവശ്യപ്പെടുന്നത്. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നത് വൈറസിന്‍റെ പ്രോട്ടീന്‍ പാളിയെ നീക്കുകയും അതു വഴി വൈറസ് നശിക്കുകയും ചെയ്യുന്നു. താപനില താഴുമ്പോള്‍ ജനങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. കൂടുതല്‍ സമയം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കും. സൂര്യ വെളിച്ചത്തിന്‍റെ അഭാവം മൂലം ആളുകളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകും. ഈ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് തണുപ്പ് കാലത്ത് വൈറസിന്‍റെ വ്യാപനത്തെ സഹായിക്കുന്നത്. മിക്കവാറും എല്ലാ വൈറസുകളും കൂടുതല്‍ തണുപ്പുള്ള മാസങ്ങളില്‍ എളുപ്പം പടരുന്നതിനാല്‍ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷിയേയും അത് ബാധിക്കും.

എന്‍വലപ്പ്ഡ് വൈറസ് വിഭാഗത്തില്‍ പെട്ടതാണ് കൊറോണ വൈറസുകള്‍. അതിനര്‍ഥം കൊറോണ വൈറസുകളെ പൊതിഞ്ഞു കൊണ്ട് കാപ്‌സിഡ് പ്രോട്ടീന്‍ ഉണ്ടായിരിക്കും എന്നാണ്. ഇങ്ങനെ കാപ്‌സിഡുകളാല്‍ പൊതിഞ്ഞിട്ടുള്ള വൈറസുകള്‍ തണുപ്പ് കാലാവസ്ഥയില്‍ ഉറപ്പുള്ളതായി മാറുകയും ചൂടില്‍ ഉരുകുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അവയെല്ലാം തന്നെ ഒരു സീസണില്‍ ഉണ്ടാകുന്നവയുമാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂ എങ്കിലും അതിന് സാര്‍സ് വൈറസിനോടുള്ള സാമ്യത കണക്കിലെടുക്കുമ്പോള്‍ ചൂടേറിയ കാലാവസ്ഥകളില്‍ അത് ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാര്‍സ് വൈറസിന് നാല് ഡിഗ്രി സെന്‍റീഗ്രേഡില്‍ 28 ദിവസങ്ങള്‍ നില നില്‍ക്കാന്‍ കഴിയും. 22-50 ഡിഗ്രി സെല്‍ഷ്യസില്‍ അതിന് അഞ്ച്-എട്ട് ദിവസങ്ങള്‍ നില നില്‍ക്കാനേ കഴിയൂ. അതിനാല്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും വര്‍ധിക്കുമ്പോള്‍ വൈറസിന്റെ വ്യാപനം കുറയുന്നു. സാഹചര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും കൊവിഡെന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത മുന്‍ കരുതലുകള്‍ ജനങ്ങളും സര്‍ക്കാരുകളും എടുക്കേണ്ടത് നിര്‍ബന്ധമാണ്.

ABOUT THE AUTHOR

...view details