ന്യൂഡല്‍ഹി: കൊവിഡ് 19നെ സമൂഹ വ്യാപനത്തിലേക്ക് കടക്കാതെ ഇന്ത്യ മികച്ചരീതിയില്‍ പ്രതിരോധിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിച്ചുവരുന്ന വ്യക്തി ശുചിത്വം, സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഭാവിയില്‍ ജനങ്ങളുടെ ശീലമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വർധന്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം പിന്നിലേക്ക് നോക്കുമ്പോള്‍ ഇക്കാലം ഒരു അനുഗ്രഹമായി തോന്നാമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ശുചിത്വ ബോധമുള്ളവരായിരിക്കുന്നു. ഇത് മറ്റ് പകര്‍ച്ച വ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. രോഗവ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ അനുവാര്യമായിരുന്നു. ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കാണേണ്ടതുണ്ട്. അതിനാല്‍ ആരോഗ്യ-സാമ്പത്തിക മേഖലകളെ ഒന്നിച്ചു കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിച്ചുവരുന്ന വ്യക്തി ശുചിത്വം, സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഭാവിയില്‍ ജനങ്ങളുടെ ശീലമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വർധന്‍ പറഞ്ഞു
രാജ്യത്ത് ഇതുവരെ 46,433 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,597 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,568 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡിനെ ചെറുക്കാന്‍ റോക്കറ്റ് സയന്‍സ് അറിയേണ്ടതില്ലെന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും സാമൂഹിക അകലവും പാലിച്ചാല്‍ കൊവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും മന്ത്രി പറഞ്ഞു. പോളിയോ, വസൂരി പോലുള്ള പകര്‍ച്ച വ്യാധികള്‍ രാജ്യത്ത് നിന്ന് തുടച്ച് നീക്കാന്‍ നമ്മള്‍ക്കായി. അതുപോലെ തന്നെ കൊവിഡിനെ പ്രതിരോധിക്കാനും നമ്മള്‍ക്കാകും. കൊവിഡിന്‍റെ പ്രഭാവം രാജ്യത്ത് ദീര്‍ഘനാളുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആരോഗ്യ മേഖലയും കൂടുതല്‍ മെച്ചപ്പെട്ടു. പിപിഇ ഉപകരണങ്ങള്‍, എന്‍-95 മാസ്കുകള്‍, പരിശോധന കിറ്റുകള്‍ എന്നിവയുടെ നിര്‍മാണം വിലയ തോതില്‍ രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. മുമ്പ് ഇവയുടെ ഒക്കെ നിര്‍മാണത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നമുക്ക് സ്വന്തമായി നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിച്ചു. ഇതുവരെ 27.40 ശതമാനം ആളുകളുടെ രോഗം ഭേദമായതായും മന്ത്രി വ്യക്തമാക്കി.