കേരളം

kerala

വാഗ്ദാനത്തിന് വിമർശനം: നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By

Published : Mar 27, 2019, 11:40 AM IST

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത പ്രഹരമാകും ന്യൂതം ആയ് യോജന പദ്ധതിയെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാര്‍.

നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാര്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 12,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന ന്യൂതം ആയ് യോജന ( ന്യായ്) പദ്ധതിയെ വിമര്‍ശിച്ചതിനാണ് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'ന്യായ്' പദ്ധതിയെ വിമര്‍ശിച്ച് രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടി കോണ്‍ഗ്രസ് 1971ല്‍ ഗരീബി ഹഠാവോയും, 2008ല്‍ വണ്‍ റാങ്ക് വണ്‍ പെൻഷനും, 2013ല്‍ ഭക്ഷ്യസുരക്ഷാ ബില്ലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കിയില്ല. പുതിയ പദ്ധതിയും ഇത്തരത്തില്‍ തന്നെയാകുമെന്ന് രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത പ്രഹരമാകും പദ്ധതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജീവ് കുമാറിന്‍റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്‍റെ ലംഘനമാണെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ പിന്തുണ നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മോദി സര്‍ക്കാരിന്‍റെ കിസാന്‍ പദ്ധതി തികച്ചും വ്യത്യസ്തമാണെന്നും ചെറുകിട കര്‍ഷകരെ കൃത്യമായി ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്നും രാജീവ് കുമാര്‍ പറഞ്ഞിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്‍റെ ചെയര്‍മാന്‍.


ABOUT THE AUTHOR

...view details