ന്യൂഡൽഹി: നിർഭയ കേസിൽ ദയാഹർജി തള്ളിയതിനെതിരെ മുകേഷ് സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫെബ്രുവരി ഒന്നിനാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
നിർഭയ കേസ്; മുകേഷ് സിംഗിന്‍റെ ഹർജിയിൽ വിധി നാളെ - നിർഭയ
രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ഭാനുമതി വ്യക്തമാക്കി
ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്‍റെ അഭിഭാഷക കോടതിയിൽ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. നടപടിക്രമം പാലിച്ചോ എന്ന് മാത്രമേ പരിശോധിക്കൂവെന്നും സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെ പുതിയ ആരോപണവും പ്രതികളുടെ അഭിഭാഷക ഉന്നയിച്ചു. മുകേഷ് സിംഗും രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് ആരോപണം. എന്നാൽ മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലിൽ നടന്നുവെന്നതും ദയാഹർജിക്ക് കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്നും തുഷാർ മേത്ത പറഞ്ഞു.