കേരളം

kerala

ETV Bharat / bharat

എഴ്‌ വര്‍ഷം നീണ്ട കോടതി നടപടികൾ, ഒടുവിൽ വധശിക്ഷ - nirbhaya timeline through courts

നാല് തവണ മരണ വാറന്‍റ് പുറത്തിറക്കിയ കേസിൽ വധശിക്ഷ നടപ്പിലാക്കാതിരിക്കാനുള്ള ഓരോ പഴുതുകളും പ്രതികളും അവരുടെ കുടുംബാംഗങ്ങളും ഉപയോഗിച്ചു. എന്നാൽ, പൈശാചികമായ ആ ക്രൂരകൃത്യത്തിന് തൂക്കുകയർ എന്ന് കോടതി അന്തിമ വിധി എഴുതി. എഴ്‌ വര്‍ഷം നീണ്ട കോടതി നടപടികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

nirbhaya court  എഴ്‌ വര്‍ഷം നീണ്ട കോടതി നടപടികൾ  വധശിക്ഷ നിർഭയ  നിർഭയ കേസ് പുതിയ വാർത്ത  നിർഭയ കേസ് കോടതി അപ്പീലുകൾ  നിർഭയ കേസ് തൂക്കുകയർ  Nirbhaya case culprits  Nirbhaya case culprits latest  against death warrant at court  nirbhaya case through court room  through court room  nirbhaya timeline through courts  delhi gang rape
കോടതി നടപടികൾ

By

Published : Mar 20, 2020, 5:31 AM IST

Updated : Mar 20, 2020, 6:30 AM IST

ഇന്ത്യയുടെ ചരിത്രത്തില്‍ എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കോടതി നടപടികള്‍ക്കാണ് നിര്‍ഭയ കേസ് വഴിയൊരുക്കിയത്. 2013 സെപ്‌തംബർ 10ന് വിധിക്കപ്പെട്ട വധശിക്ഷ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടപ്പിലാകുന്നത്. ഇതിനിടയില്‍ ഡല്‍ഹി അതിവേഗ കോടതിമുതല്‍ അന്തരാഷ്‌ട്ര നീതിന്യായ കോടതിയില്‍ വരെ പ്രതികള്‍ ഹര്‍ജികളുമായി കയറിയിറങ്ങി. നാല് തവണ മരണ വാറന്‍റ് പുറത്തിറക്കിയ കേസിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. എഴ്‌ വര്‍ഷം നീണ്ട കോടതി നടപടികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

2012 ഡിസംബർ 16നു രാത്രിയിൽ ഡൽഹിയിൽ ഓടുന്ന ബസിൽ പീഡനത്തിനിരയായ നിർഭയ എന്ന് രാജ്യം കണ്ണീരോടെ വിളിച്ച പെൺകുട്ടി. അപൂർവങ്ങളിൽ അപൂർവമായ, പൈശാചികമായ സംഭവമെന്ന് കോടതി പോലും ശരിവച്ച കേസിലെ പ്രതികൾക്ക് തൂക്കുകയറാണ് കോടതി വിധിച്ച ശിക്ഷ. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയ്‌ക്ക് വേണ്ടി രാജ്യവും തെരുവിലേക്കിറങ്ങി പ്രതിഷേധിച്ചു. ബലാത്സംഗം, മോഷണശ്രമം, പെൺകുട്ടിയുടെ സുഹൃത്തിനെതിരെ കൊലപാതകശ്രമം എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കൊടും കുറ്റവാളികളായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്യ ആറു പ്രതികളിലൊരാളെ ജുവനൈലായും മറ്റൊരു പ്രതി സ്വയം മരണശിക്ഷ നടപ്പിലാക്കുകയും ചെയ്‌തപ്പോൾ അവശേഷിച്ച നാലുപ്രതികളുടെയും വിധി കഴുമരത്തിലേക്കായിരുന്നു.

കുറ്റകൃത്യം നടന്ന ദിവസം പ്രതികളിലൊരാൾക്ക് 17 വർഷവും ആറ് മാസവും പ്രായമുള്ളു എന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) പ്രഖ്യാപിച്ചു. ഇയാളുടെ ജനന സർട്ടിഫിക്കറ്റും സ്കൂൾ രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ജുവനൈൽ എന്ന് നിർണയിച്ചത്. എന്നാൽ, പ്രതിയുടെ അസ്ഥി പരിശോധനയിലൂടെ പ്രായനിർണയം നടത്തണമെന്ന പൊലീസ് അഭ്യർഥന ജെജെബി നിരസിച്ചു. 2013 ജനുവരി 28ന് ഇയാൾ പ്രായാപൂര്‍ത്തിയാകാത്ത ആളെന്ന് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. എന്നാൽ കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച് ഈ പ്രതിയെ വിചാരണ ചെയ്യണമെന്ന് ജനതാ പാർട്ടി പ്രസിഡന്‍റ് സുബ്രഹ്മണ്യൻ സ്വാമി ഹർജി സമർപ്പിച്ചിരുന്നു. ഇതും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിരസിച്ചു. പ്രായപൂർത്തിയാകാത്തയാളെ പ്രത്യേകമായി, ജുവനൈൽ കോടതിയിലാണ് വിചാരണ ചെയ്‌തത്. ജുവനൈലിന് നൽകേണ്ട വിധിപ്രഖ്യാപനം ജൂലൈ 25ന് തീരുമാനിച്ചെങ്കിലും ഇത് ആഗസ്റ്റ് അഞ്ചിലേക്കും പിന്നീട് അതേ മാസം 19ലേക്കും നീട്ടി. ആഗസ്റ്റ് 31ന് ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ബലാത്സംഗം, കൊലപാതകം എന്നിവയിൽ ജുവനൈൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തു. എട്ട് മാസം റിമാൻഡിൽ കഴിഞ്ഞത് കൂടി ഉൾപ്പെടുത്തിയാരുന്നു മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

2013 ജനുവരി മൂന്നിന് പ്രായപൂര്‍ത്തിയായ അഞ്ചു പ്രതികള്‍ക്ക് എതിരായ കുറ്റപത്രം ദില്ലി പൊലീസ് സമര്‍പ്പിച്ചു. മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണയായിരുന്നു കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത എന്നിവർ കുറ്റം വിസമ്മതിച്ചു. നേരത്തെ കുറ്റസമ്മതം നടത്തിയത് ഇവരെ ഉപദ്രവിച്ചത് കൊണ്ടാണെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു. 2013 ജൂലൈ എട്ടിന് ദൃക്‌സാക്ഷിയുടെ മൊഴി, വിരലടയാളം ഡിഎൻഎ ടെസ്റ്റ്, പല്ലടയാളം എന്നീ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ അതിവേഗ കോടതി വിചാരണ പൂർത്തിയാക്കി. 2013 സെപ്‌തംബർ പത്തിന് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്ന് ദിവസത്തിന് ശേഷം തൂക്കുകയറിനും വിധിച്ചു. എന്നാൽ, മൂന്ന് പ്രതികളുടെ അഭിഭാഷകർ വിധിക്കെതിരെ അപ്പീൽ നൽകി. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കേസാണിതെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ വിട്ടുവീഴ്‌ച വരുത്തില്ലെന്നും ജഡ്‌ജി യോഗേഷ് കന്ന പറഞ്ഞു.

2014 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ഇവരെ കുറ്റക്കാരാണെന്ന് വിധിച്ചു. കൂടാതെ, അപൂർവത്തിൽ ആപൂർവമായ ഈ കേസിലെ പ്രതികൾക്ക് വധശിക്ഷയ്‌ക്കും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നാല് പ്രതികളുടെയും അഭിഭാഷകർ അറിയിച്ചു. 2014 മാർച്ച് 15ന് മുകേഷ് സിംഗ്, പവൻ ഗുപ്‌ത എന്നീ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. മാർച്ച് 31ന് അപ്പീൽ നൽകുന്നതിന് വേണ്ടിയാണ് സ്റ്റേ അനുവദിച്ചത്. ഇത് പിന്നീട് ജൂൺ മാസം രണ്ടാം വാരത്തിലേക്ക് കോടതി നീട്ടി. വിനയ് ശർമ, അക്ഷയ് ഠാക്കൂർ എന്നിവരും വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ ജൂൺ രണ്ടിന് കോടതിവിധിയിൽ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു. ജൂലൈ 14ന് ഇവരുടയെും വധശിക്ഷയ്ക്ക് കോടതി സ്റ്റേ നൽകി. 2015 ആഗസ്റ്റ് 27ന് ഇവർ നാലുപേരെയും രാം ആധാർ മോഷണക്കേസിൽ കുറ്റക്കാരായി വിധിക്കുകയും 10 വർഷത്തെ ജീവപര്യന്തത്തിനും വിധിച്ചു. 2017 മെയ് മാസം 5ന് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ശരിവച്ചു. പ്രതികൾ ചെയ്‌തത് പൈശാചികമായ കുറ്റമാണെന്നും ഇത് ഭാരതീയരുടെ മനസാക്ഷിയെ വരെ പിടിച്ചുലക്കിയ സംഭവമാണെന്നും കോടതി പറഞ്ഞു. ഇതിനെതിരെ മൂന്ന് പ്രതികൾ നൽകിയ പുനപരിശോധനാ ഹർജിയും കോടതി നിരസിച്ചു.

2019 നവംബറിൽ പ്രതികളിലൊരാളായ അക്ഷയ് നൽകിയ ദയാഹർജിയും സുപ്രീം കോടതി നിരസിച്ചു. ഇതുവഴി പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷ കോടതി വീണ്ടും നിലനിർത്തി. എന്നാൽ, വിധിക്കെതിരെ രാഷ്ട്രപതിക്ക് മുമ്പാകെ അപ്പീൽ സമർപ്പിക്കുമെന്ന് അക്ഷയിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി അദ്ദേഹത്തിന് മൂന്നാഴ്ച സമയം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ വിനയ് ശർമ, മുകേഷ് എന്നിവരുടെ ഹർജി സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് നിരസിച്ചു. തുടർന്ന്, 2020 ജനുവരി ഏഴിന് രാജ്യം കാത്തിരുന്ന നിർഭയ കേസ് പ്രതികളുടെ മരണ വാറണ്ട് ഡൽഹി കോടതി പുറത്തിറക്കി. ഇതനുസരിച്ച് ഈ വർഷം ജനുവരി 22ന് രാവിലെ 7മണിക്ക് പ്രതികളെ തിഹാർ ജയിലിൽ വച്ച് തൂക്കിലേറ്റുമെന്ന് കോടതി അറിയിച്ചു. മരണ വാറണ്ടിനെതിരെ പ്രതികൾ നടത്തിയ നാടകീയ രംഗങ്ങളായിരുന്നു പിന്നീടുള്ള മാസങ്ങളിൽ രാജ്യം കണ്ടത്. ഘട്ടം ഘട്ടമായി ഇവർ നൽകിയ ഹർജികൾ പരിഗണിക്കുന്നത് വഴി നിയമ നടപടികൾ വൈകിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒന്നിൽ കൂടുതൽ പ്രതികൾക്കുള്ള വധശിക്ഷയിൽ ഒരാളുടെ ദയാഹർജി പോലും മറ്റുള്ളവരുടെ വിധിയും നീട്ടി വക്കുന്നതിന് കാരണമാകും.

മുകേഷ് സിംഗ് ദയാഹർജി പ്രസിഡന്‍റിന് സമർപ്പിച്ചു. അപേക്ഷ നിരസിക്കണമെന്ന അപേക്ഷ ലെഫ്റ്റനന്‍റ് ഗവർണർക്ക് ഡൽഹി സർക്കാർ കൈമാറി. ജനുവരി 17ന് ഇന്ത്യൻ പ്രസിഡന്‍റ് മുകേഷ് സിംഗിന്‍റെ ദയാഹർജി തള്ളി. അന്ന് ദയാഹർജി നിരസിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, ഡൽഹി കോടതി രണ്ടാമത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റാനായിരുന്നു വാറണ്ട്. ദയാഹർജിക്ക് ശേഷം പതിന്നാലു ദിവസത്തെ ഇടവേള കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന് നിയമം അനുശാസിക്കുന്നതിനാലാണ് ഫെബ്രുവരി ഒന്നിന് പ്രതികളുടെ തൂക്കുമരണത്തിനായി നിശ്ചയിച്ചത്. ഇതിനിടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന കുറ്റവാളി മുകേഷിന്‍റെ അപേക്ഷയും കോടതി നിരസിച്ചിരുന്നു.

2012ൽ കുറ്റകൃത്യം നടന്ന വർഷം താൻ ജുവനൈൽ ആയിരുന്നുവെന്ന് പ്രതി പവൻ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചത് കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ ഇയാളുടെ അഭിഭാഷകൻ വീണ്ടും അപേക്ഷ നൽകി. ഇതേ തുടർന്ന്, ജനുവരി 31ന് ഡൽഹി കോടതി മരണവാറണ്ട് സ്റ്റേ ചെയ്‌തു. 2020 മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് കുറ്റവാളികളെ തൂക്കിലേറ്റുന്നതിനുള്ള മൂന്നാമത്തെ മരണ വാറണ്ട് 2020 ഫെബ്രുവരി 17ന് കോടതി പുറപ്പെടുവിച്ചു. ഫെബ്രുവരി 28ന് പവൻ ഗുപ്ത വധശിക്ഷയ്ക്ക് മുമ്പായി ജീവപര്യന്തം തടവിന് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ഈ അപേക്ഷയും തള്ളി. എന്നാൽ, മാർച്ച് അഞ്ചിന് വന്ന അടുത്ത മരണ വാറണ്ടിൽ മാർച്ച് 20ന് പുലർച്ചെ 5.30ന് പ്രതികളെ കഴുമരത്തിലേറ്റാൻ കോടതി പ്രഖ്യാപിച്ചു. വിധിയിൽ സ്റ്റേയുമായി പിന്നീടും പ്രതികളും അവരുടെ കുടുംബാംഗങ്ങളും പല നീക്കങ്ങളും നടത്തി. കേസിലെ മൂന്ന് പ്രതികൾ വധശിക്ഷ നീട്ടുന്നതിനായി അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു. മാർച്ച് 18ന് വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഡൽഹി ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. കൂടാതെ, അക്ഷയ് കുമാർ സിംഗിന്‍റെ ഭാര്യ ബിഹാർ കോടതിയിൽ വിവാഹമോചന ഹർജിയും ഫയൽ ചെയ്‌തു. വധശിക്ഷ നടപ്പാക്കുന്ന തിയതി നീട്ടാനുള്ള ഇത്തരം നടപടികൾ വീണ്ടും തള്ളുകയായിരുന്നു കോടതി. മാർച്ച് 19ന് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ഹർജിയും ഡൽഹി പട്യാല ഹൗസ് കോടതി നിരസിച്ചു. കൂടാതെ, രാഷ്ട്രപതി ദയാഹർജി നിരസിച്ചതിനെതിരെ അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയും സുപ്രീം കോടതി തള്ളി. കൊലപാതക സമയത്ത് ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന മുകേഷ് സിംഗിന്‍റെ വാദവും സുപ്രീം കോടതി ശരിവച്ചില്ല. വിധിയോടടുത്ത് നിൽക്കുന്ന അവസാന മണിക്കൂറുകളിലും, അതായത് രണ്ട് മണിക്കൂർ മുമ്പ് വരെയും പ്രതികളുടെ മരണവിധി നടപ്പിലാക്കാതിരിക്കാനുള്ള അപ്പീലുകൾ എത്തി. എന്നാൽ, ഈ നാടകീയശ്രമങ്ങളെല്ലാം വിഫലമാക്കികൊണ്ട് സുപ്രീ കോടതി രാവിലെ 3.30ന് നിർഭയയുടെ ഘാതകർക്ക് തൂക്കുകയർ തന്നെ എന്ന് വിധി പ്രഖ്യാപിച്ചു. അങ്ങനെ 2012ൽ ഇന്ത്യയ്‌ക്ക് അപമാനമായ ആ ക്രൂരകൃത്യത്തിന്‍റെ വിധി ഇന്ന് രാവിലെ 5.30ന് നടപ്പിലാക്കി.

Last Updated : Mar 20, 2020, 6:30 AM IST

ABOUT THE AUTHOR

...view details