മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളോടുള്ള അധികൃതരുടെ അശ്രദ്ധ ഗൗരവമേറിയതാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. രോഗബാധിതരോടുള്ള ആശുപത്രി അധികൃതരുടെ അവഗണനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൊവിഡ് അവലോകന ചർച്ചക്കിടെ അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളോട് അവഗണന; കർശന നടപടിയെന്ന് അജിത് പവാർ
മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ
കൊവിഡ് പ്രഭവകേന്ദ്രമായ മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകും. ഇതിനാവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കും. ജൂൺ 30 വരെ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും 'മിഷൻ ബിഗിൻ എഗെയ്ന്റെ' കീഴിൽ സാമ്പത്തിക മേഖലയുടെ പ്രവർത്തനം പുനസ്ഥാപിക്കും. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കേണ്ടതുണ്ട്. പക്ഷേ അച്ചടക്കലംഘനം അനുവദിക്കാനാകില്ല. സംസ്ഥാനത്ത് പലരും ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ആളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം, ഗ്രാമീണ മേഖലകളിൽ നിന്നുള്ള രോഗബാധിതർക്ക് അതാത് ഗ്രാമങ്ങളിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ കൺസൾട്ടന്റ് ഡോ.സുഭാഷ് സലുങ്കെ അറിയിച്ചു.