ന്യൂഡല്‍ഹി:രണ്ട് മാസത്തിലധികം നീണ്ടുനിന്ന ലോക്ക് ഡൗണില്‍ നിന്ന് രാജ്യം 'അൺലോക്ക് 1.0' ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ കൊവിഡിനെ നേരിടാൻ ആളുകൾ പെരുമാറ്റത്തില്‍ കൂടുതൽ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ. സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതതല മന്ത്രിമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും നീക്കം ചെയ്യുകയും ചെയ്ത അൺലോക്ക് 1.0 ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണം. അലംഭാവത്തിന് ഇടകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 128.48 ലക്ഷം എൻ 95 മാസ്കുകളും 104.74 ലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നൽകിയിട്ടുണ്ടെന്നും 60,848 വെന്‍റിലേറ്ററുകളുടെ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.