ബീഹാർ: എൻഡിഎ പട്നയിൽ നടത്തിയ സങ്കൽപ്റാലി വൻ പരാജയമായിരുന്നുവെന്ന് മുൻ ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി അവകാശപ്പെട്ടു. ജന പങ്കാളിത്വം തീരെയില്ലാതിരുന്ന റാലിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും മാഞ്ചി ആരോപിച്ചു. മോദി സർക്കാരിന്‍റെയും മോദിയുടെയും പ്രഭാവം നഷ്ടപ്പെട്ടു വരികയാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീരമൃത്യു വരിച്ച സൈനികന്‍റെ വീട് സന്ദർശിക്കുന്നതിന് പകരം റാലിയിൽ പങ്കെടുക്കാനാണ് താൽപ്പര്യം കാണിച്ചത്. റാലിയേക്കാൾ പ്രാധാന്യം നൽകേണ്ടിയിരുന്നത് സൈനികന്‍റെ വീട് സന്ദർശനത്തിനായിരുന്നുവെന്നും മാഞ്ചി കുറ്റപ്പെടുത്തി.
എൻഡിഎയുടെ 'സങ്കൽപ്റാലി' വൻ പരാജയമായിരുന്നെന്ന് ജിതൻ റാം മാഞ്ചി
ബിഹാറിൽ 40 സീറ്റുകളിലും വിജയം ബിജെപിക്കായിരിക്കുമെന്നും കേന്ദ്ര ഭരണം മോദിയുടെ കീഴിൽ മാറ്റമില്ലാതെ നിലകൊള്ളുമെന്നും നിതീഷ് കുമാർ റാലിക്കിടെ പ്രസ്താവിച്ചിരുന്നു.
റാലിയിൽ മോദിയെ വാനോളം പുകഴ്ത്തിയാണ് നിതീഷ് കുമാർ സംസാരിച്ചത്. തീവ്രവാദത്തിന്‍റെ പേരിൽ ഉയർന്നു വരുന്ന എല്ലാ വെല്ലുവിളികളെയും മോദി നേരിടുന്ന രീതി വളരെ പ്രശംസനീയമാണ്. സൈനികർക്ക് ഭീകരർക്കെതിരെ ശക്തമായി തിരിച്ചടി നൽകാൻ മോദി നൽകിയ പ്രചോദനം വളരെ വലുതാണെന്നും രാജ്യത്തെ മുഴുവൻ തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിർത്താൻ മോദിക്ക് കഴിഞ്ഞെന്നും നിതീഷ് കുമാർ പറഞ്ഞു.
പാകിസ്ഥാൻ സൈനികരുടെ കൈയിലകപ്പെട്ട വൈമാനികൻ അഭിനന്ദൻ വർധമനെ 60 മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സാധിച്ചതിൽ മോദിയോട് വളരെയധികം നന്ദിയുണ്ട്. ധീരനായ അഭിനന്ദന് എല്ലാ വിധ ആശംസകളും നേരുന്നതായും നിതീഷ് കുമാർ റാലിക്കിടെ പറഞ്ഞു.