ന്യൂഡൽഹി: വാണിജ്യ വിമാന കമ്പനികളുടെ ആരോഗ്യത്തേക്കാൾ സർക്കാർ പൗരന്മാരുടെ ആരോഗ്യത്തിന് പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതിയുടെ നിർദേശം. വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന് ബോംബെ ഹൈക്കോടതി വിധി പ്രസ്‌താവിച്ച കേസിലെ അപ്പീൽ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. പുറത്ത് ആറടി അകലം പാലിക്കാനുള്ള നിർദേശവും വിമാനത്തിനുള്ളിൽ തോളോടു തോൾ ചേർന്നുള്ള യാത്രയും രണ്ട് മാനദണ്ഡങ്ങളാണ്. അതിനാൽ തന്നെ കൊവിഡ് വ്യാപനം തടയാൻ വിമാനത്തിനുള്ളിലും സാമൂഹിക അകലം നടപ്പിലാക്കണമെന്നും അതിനായി നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നതിൽ സാമാന്യബോധം വേണമെന്നും കോടതി വ്യക്തമാക്കി.
വിമാന കമ്പനികളെ പരിഗണിക്കുന്നതിനേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി
കൊവിഡ് വ്യാപനം തടയാൻ വിമാനത്തിനുള്ളിലും സാമൂഹിക അകലം നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, അടുത്ത മാസം ആറാം തിയതി വരെ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഉൾപ്പെടുത്താൻ എയര്‍ ഇന്ത്യയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
എന്നാൽ, അടുത്ത മാസം ആറാം തിയതി വരെ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഉൾപ്പെടുത്താൻ എയര്‍ ഇന്ത്യയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. അതിനു ശേഷം വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണം ബോംബെ ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി നടപ്പിലാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിർദേശിച്ചു. നടുവിലത്തെ സീറ്റിൽ യാത്രക്കാരെ ഉൾപ്പെടുത്തരുതെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉന്നത കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. മടങ്ങി വരാനുളള പാസുകൾ ലഭ്യമായിട്ടും വിദേശത്ത് ഒട്ടനവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും വിമാനത്തിൽ സീറ്റുകൾ പരിമിതിപ്പെടുത്തിയതു വഴി പല കുടുംബങ്ങൾക്കും തിരിച്ചെത്താൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കായുള്ള ഈ രക്ഷാ ദൗത്യത്തിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവരെ അടുത്തടുത്തുള്ള സീറ്റുകളിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ഇതു കൂടി പരിഗണിച്ചാണ് എയർ ഇന്ത്യയുടെ താൽക്കാലിക സർവീസുകളിൽ നടുവിലത്തെ സീറ്റിലും യാത്രക്കാരെ ഉൾപ്പെടുത്താൻ സുപ്രീം കോടതി അനുമതി നൽകിയത്. ഇതെല്ലാം പരിഗണിച്ചുകൊണ്ട് വിമാന സർവീസുകളുടെ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു.