കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ ഡെങ്കു പടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് - dengue-in-j-and-k

രോഗത്തെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യവകുപ്പ്

ജമ്മു കശ്മീരില്‍ ഡെങ്കു പടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

By

Published : Oct 12, 2019, 6:04 PM IST

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡെങ്കു പിടിയില്‍. ഈ വർഷം 222 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗം നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 214 പേര്‍ക്കാണ് ഡെങ്കു ബാധിച്ചത്. ജമ്മു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാംബയില്‍ 73, കതുവ 24, രജൗരി 22, ഉദ്ദംപൂര്‍ 6, പൂഞ്ച്, രാംബാൻ, കിഷ്ത്വാർ എന്നിവിടങ്ങളിൽ രണ്ടുപേര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. റിയാസി, ദോഡ ജില്ലകളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കശ്മീർ താഴ്‌വരയിൽ നിന്ന് രണ്ട് കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1084 രക്തസാമ്പിളുകളാണ് ജനുവരി ആദ്യം മുതല്‍ ഇതുവരെ പരിശോധിച്ചത്. ഡെങ്കിപ്പനി പടരുന്നതിന് സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരോഗ്യവകുപ്പ് അധികൃതര്‍ ആരംഭിച്ചു.

ജമ്മു മുനിസിപ്പൽ കോർപ്പറേഷന്‍റെ നേതൃത്വത്തില്‍ ഫോഗിങ് ക്യാമ്പയിനും ഡെങ്കി, മലേറിയ എന്നിവയുടെ വ്യാപനത്തെ നേരിടാൻ പ്രത്യേക ശുചിത്വ പരിപാടികളും ആരംഭിച്ചു. അതേസമയം ജമ്മു ഡിവിഷൻ കമ്മീഷണർ സഞ്ജീവ് വർമ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിൽ ഡെങ്കിപ്പനി നേരിടാൻ സ്വീകരിക്കുന്ന നടപടികൾ അവലോകനം ചെയ്തു. മികച്ച ചികിത്സ നല്‍കുന്നതിനും രോഗം തടയുന്നതിനും വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തിൽ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details