ന്യൂഡൽഹി: മോദിയും അമിത്ഷായും രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാജഘട്ടിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനൊപ്പം ചില സംസ്ഥാനങ്ങളിൽ സമാധാന മാർച്ചുകൾ നടത്താനിരിക്കെയാണ് രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആരോപണമുന്നയിച്ചത്.
യുവാക്കളെ ആഭിസംബോധന ചെയ്‌ത് തുടങ്ങിയ ട്വീറ്റിൽ മോദിയും ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നും സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതങ്ങളും തൊഴിലില്ലായ്‌മയും യുവാക്കളില്‍ രോഷമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മളിൽ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ ഇന്ത്യക്കാരോടും സ്നേഹത്തോടെ പ്രതികരിക്കുന്നതിലൂടെ മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താൻ കഴിയൂ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.