വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്രിക സമര്‍പ്പണം നാളെ. ഇന്ന് വാരാണസിയില്‍ മോദി റോഡ് ഷോ നടത്തും. മോദി തരംഗം സുനാമിയായി മാറുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം വാരാണസിയില്‍ പറഞ്ഞത്. റോഡ് ഷോയ്ക്ക് മുമ്പായി പ്രധാനമന്ത്രി അമിത് ഷാ, ബിജെപി നേതാക്കളായ ജെ പി നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡൻ തുടങ്ങിയവരുമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തും.
വാരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്: നാളെ പത്രിക സമര്‍പ്പിക്കും - നരേന്ദ്രമോദി
വാരാണസിയില്‍ പ്രധാനമന്ത്രി ഇന്ന് റോഡ് ഷോ നടത്തും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
വൈകിട്ട് മൂന്ന് മണിക്കാണ് റോഡ് ഷോ. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപമുള്ള ലങ്കാ ഗേറ്റില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റര്‍ നഗരം ചുറ്റി ദശാശ്വമേധ് ഘട്ടില്‍ അവസാനിക്കും. നാളെ 12 മണിക്കാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാകും പത്രിക സമര്‍പ്പണം. മൂന്ന് ലക്ഷത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ നിന്ന് വിജയിച്ച ശേഷം വീണ്ടും ജനവിധി തേടി വരാണസിയിലെത്തുമ്പോൾ മോദി തരംഗം ആവർത്തിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം കനത്ത സുരക്ഷയാണ് റോഡ് ഷോയോട് അനുബന്ധിച്ച് വാരാണസിയില്‍ ഒരുക്കിയിരിക്കുന്നത്. അവസാനഘട്ടമായ മെയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുക.