കൊവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് മോദി സർക്കാരിന്‍റെ ആദ്യ വർഷം പൂർത്തിയാവുന്നത്. ആർട്ടിക്കിൾ 370 റദാക്കിയത് മുതൽ കൊവിഡിനോടുള്ള ചെറുത്തു നില്പ് വരെ ഇക്കാലയളവില്‍ രാജ്യം കണ്ടു. രണ്ടാം മോദി സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നേട്ടങ്ങളോടൊപ്പം ബാക്കിയാവുന്നത് വിവാദങ്ങളും കലാപങ്ങളും വരെയുണ്ട്.
303 സീറ്റിന്‍റെ പിൻബലത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് മോദി സർക്കാർ ഭരണത്തുടര്‍ച്ച നേടിയത്. ഹിന്ദി ഹൃദയ ഭൂമി തൂത്തുവാരിയ രണ്ടാം മോദി സർക്കാർ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾക്ക് ആദ്യ വർഷം മുൻതൂക്കം നൽകി. കശ്‌മീർ വിഭജനവും രാമക്ഷേത്രവും പൗരത്വ ഭേദഗതിയും മുത്തലാഖ് ബില്ലുമെല്ലാം ബിജെപി യുടെ പ്രഖ്യാപിത നിലപാടുകളായായിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ തത്രഞ്ജൻ അമിത് ഷാ കൂടി മന്ത്രി സഭയിലെത്തിയതോടെ മോദി സർക്കാരിന്‍റെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കരുത്ത് കൂടി. വലിയ പ്രതിഷേധങ്ങൾക്കിടയിലും ആർട്ടിക്കിൾ 370 റദ്ദാക്കിയ സര്‍ക്കാര്‍ വാഗ്ദാന പട്ടികയ്ക്ക് തുടക്കം കുറിച്ചു.
കശ്‌മിരിനെ രണ്ടായി വിഭജിച്ച് ലെഡാക്കിന് കേന്ദ്ര ഭരണപദവി നല്‍കി. മാസങ്ങളോളം കശ്‌മിർ താഴ്വര നിശബ്ദമായി. പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നു. പ്രത്യക പദവി നഷ്ടപ്പെട്ട കശ്മീർ ഇന്ത്യയോട് ചേർന്നപ്പോൾ രാജ്യത്ത് മാത്രമല്ല അന്തരാഷ്ട്ര തലത്തിൽ തന്നെ വലിയ വെല്ലുവിളിയാണ് സർക്കാരിന് നേരിടേണ്ടി വന്നത്. എന്നാൽ അമേരിക്കയോടുള്ള പരസ്യ പിന്തുണയും, ചങ്ങാത്തവും അന്തർദേശീയ തലത്തിൽ പ്രതിഷേധങ്ങളെ ഒരു പരിധിക്കു മുകളിൽ പ്രതിരോധിക്കാൻ മോദിയെ സഹായിച്ചു. ഹൗഡി മോദിയും നമസ്തേ ട്രംപുമെല്ലാം ഇന്തോ- അമേരിക്കൻ ബന്ധത്തിന്‍റെ പുതു സാധ്യതകളായി രാജ്യാന്തര തലത്തിൽ മോദി സർക്കാർ കൂടുതൽ കരുത്തുറപ്പിച്ചു.
അരനൂറ്റാണ്ടിലേറേ കാലമായി വലതു രാഷ്ട്രീയത്തിന്‍റെ പ്രധാന അവകാശ വാദങ്ങളിൽ ഒന്നാണ് അയോധ്യ. വർഷങ്ങൾ നീണ്ടു നിന്ന വാദ - പ്രതിവാദങ്ങൾക്കൊടുവിലാണ് അയോധ്യയിലെ തർക്ക ഭൂമി, രാമ ക്ഷേത്രത്തിനായി സുപ്രീംകോടതി തുറന്നു കൊടുത്തത്. ക്ഷേത്ര നിർമാണത്തിന് 15 അംഗ ട്രസ്റ്റ് ഉൾപ്പടെ അതിവേഗം പ്രഖ്യാപനം മോദി സർക്കാർ തീവ്ര വലതു പക്ഷങ്ങൾക്കിടയിൽ പ്രീതിനേടി. അര നൂറ്റാണ്ടായി വലത് രാഷ്ട്രീയത്തിന്‍റെ ആണിക്കല്ലായിരുന്ന അയോധ്യ നവംബർ ഒൻപതിന് രാമ ജന്മ ഭൂമിയായി മാറിയപ്പോൾ വലത് വോട്ടു ബാങ്കുകളിൽ ബിജെപി തങ്ങളുടെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. അതേ സമയം രാജ്യം ഒരു വലിയ ലഹളയിലേക്ക് കൂപ്പുകുത്തിയേക്കാവുന്ന സാഹചര്യം ജാഗ്രതയോടെ നേരിടാൻ മോദി സർക്കാരിനായി എന്നതും ശ്രദ്ധേയം.
എന്നാൽ ദേശിയ പൗരത്വ നിയമ ഭേദഗതിയും, പൗരത്വ രജിസ്റ്റർ പട്ടികയും നടപ്പാക്കിയതോടെ രാജ്യം ആളിക്കത്തി. ആദ്യ ഘട്ടത്തിലെ പ്രതിഷേധങ്ങൾ പിന്നീട് കലാപമായി മാറി. രണ്ടു ചേരികളായി തിരിഞ്ഞ് ജനം തെരുവിലറങ്ങി. കേന്ദ്ര സർവകാല ശാലകളിൽ ഉൾപ്പടെ പ്രതിഷേധങ്ങൾ കത്തി കയറിയപ്പോൾ രാജ്യം കലുഷിതമായി. ദിവസങ്ങൾ നീണ്ട കലാപത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. വാഹനങ്ങളും വീടുകളും തകർക്കപെട്ടു. എന്നാൽ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ല. ഉറച്ച തീരുമാനവുമായി സമരത്തെ മോദി സർക്കാർ നേരിട്ടു. രാജ്യം കലുഷിതമായ നാളുകൾ. കോവിഡ് വ്യാപനം രാജ്യത്ത് തുടങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങി തുടങ്ങിയത്. പ്രകടന പത്രികയ്ക്ക് രണ്ടാം മോദി സർക്കാർ മുൻതൂക്കം നൽകിയപ്പോൾ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി. ആറു വർഷത്തിനടയിലെ ഏറ്റവും കുറവ് വളർച്ച നിരക്ക് രാജ്യം നേരിട്ടു. തൊഴിലില്ലായ്മയും രൂക്ഷമായി.
വിവാദങ്ങൾ നിറഞ്ഞു നിൽകുമ്പോഴും നിരവധി ജനകീയ പദ്ധതികൾക്ക് രൂപം നൽകിയുള്ള സുപ്രധാന തീരുമാനങ്ങളും മോദി സർക്കാർ കൈകൊണ്ടു. കർഷകർക്കായി പ്രധാനമന്ത്രി കിസാൻ യോജന, 25000 കോടിയുടെ ഭവന പദ്ധതി, തൊഴിലാളികൾക്കും ചെറുകിട വ്യപരികൾക്കും പെൻഷൻ തുടങ്ങിയവ അവതരിപ്പിച്ചത് സാധാരണക്കാർക്കിടയിൽ സ്വീകാര്യമായി. ശുദ്ധ ജലത്തിനായി ജലശക്തി അഭിയാൻ, ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ആയുഷ്‌മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ മോദി സർക്കാർ വിഭാവനം ചെയ്തു.
രാജ്യത്തെ കോവിഡ് വ്യാപനവും, ലഡാക്ക് അതിർത്തിയിലെ ചൈനയുമായുള്ള പ്രശനങ്ങളുമാണ് സർക്കാർ നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധി. മിത്രമായിരുന്ന നേപ്പാൾ തെന്നി മാറുന്നത് ചൈന- പാകിസ്ഥാൻ- നേപ്പാൾ സംയുക്ത ശക്തി അതിർത്തിയിൽ വെല്ലു വിളി ഉയർത്തുമോ എന്ന ആശങ്കയും നിറഞ്ഞു നിൽക്കുന്നു. കൃത്യ സമയത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാൻ സാധിച്ചത് 10 ലക്ഷം കൊവിഡ് കേസുകൾ കുറയ്ക്കാൻ സാധിച്ചു എന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ മോദി സർക്കാരിന് ആശ്വാസമാണ്. എന്നാൽ ലോക്ക് ഡൗണിലൂടെ കൊവിഡ് വ്യപനത്തെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും ആശങ്ക ഉണ്ടാകും വിധമാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത്. രാജ്യത്താകെ ഒന്നര ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. മരണ നിരക്കും വർധിക്കുകയാണ്. മഹാരാഷ്ട്രയും, തമിഴ്‌നാട്ടിലും സ്ഥിതി അതി രൂക്ഷമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം ഇപ്പോഴും തുടരുന്നു. കൊവിഡ് പ്രതിരോധത്തിനായി 20 ലക്ഷം കോടിയുടെ സാമ്പത്തിക പ്രഖ്യാപിച്ചും സംസ്ഥാനങ്ങളെ ഒപ്പം നിർത്തിയും മോദി സർക്കാർ പ്രതിരോധ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. എന്നാൽ സ്ഥിതി ഇപ്പോഴും കൈപ്പിടിയിൽ ഒതുങ്ങാത്തതും ലോക്ക് ഡൗണോടെ സാമ്പത്തിക മാന്ദ്യം രൂക്ഷമായതും സർക്കാരിനെ വലയ്ക്കുന്നുണ്ട്.
ഒരു വർഷക്കാലത്തെ വിവാദങ്ങളും ആരോപങ്ങളുമെല്ലാം കോവിഡിന് മുന്നിൽ മാഞ്ഞു തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ പ്രവർത്തങ്ങള്‍ തന്നെയാവും വരും വർഷങ്ങളിൽ മോദി സർക്കാരിന്‍റെ ജനപിന്തുണ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക.