റാഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റാഫേല്‍ വിമാനം കൃത്യസമയത്ത് വാങ്ങിയിരുന്നെങ്കില്‍ അത് വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് മോദി വ്യക്തമാക്കി. എന്നാല്‍ താൻ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. താൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നും മോദി പറഞ്ഞു. വ്യോമാക്രമണത്തിന് റാഫേല്‍ നമ്മുടെ കൈവശം ഉണ്ടായിരുന്നെങ്കില്‍ ഒരു യുദ്ധവിമാനവും നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് പറഞ്ഞതെന്നും മോദി വ്യക്തമാക്കി. റാഫേല്‍ വിമാനങ്ങളുടെ അഭാവം ബലാകോട്ട് ആക്രമണത്തെ ബാധിച്ചെന്ന പ്രസ്താവനയിലാണ് മോദി വിശദീകരണവുമായി എത്തിയത്.
പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണം: റാഫേലില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി - കോണ്‍ഗ്രസ്
റാഫേല്‍ കൈവശം ഉണ്ടായിരുന്നെങ്കില്‍ ഒരു യുദ്ധവിമാനവും നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് താന്‍ പറഞ്ഞത്. വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
റാഫേല്‍ വിമാനത്തിന്‍റെ അഭാവം പാകിസ്ഥാനുമായുള്ള വ്യോമസംഘര്‍ഷത്തെ ബാധിച്ചുവെന്ന് പറഞ്ഞത് എന്ത് അര്‍ത്ഥത്തിലാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വ്യോമസേനയുടെ പക്കൽ റാഫേൽ വിമാനമുണ്ടായിരുന്നെങ്കിൽ വ്യോമാക്രമണത്തിന്‍ റെഫലം വ്യത്യസ്തമാകുമെന്നാണ് മോദി പറഞ്ഞത്. റാഫേല്‍ ഉണ്ടായിരുന്നെങ്കിൽ എന്തു മാറ്റമാണ് ഉണ്ടാവുകയെന്ന് മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
അതേസമയം റാഫേല്‍ വിമാനങ്ങള്‍ സേനക്ക് ലഭിക്കാന്‍ വൈകുന്നതിന് കാരണം മോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യോമസേനയുടെ 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയെന്നും കാലഹരണപ്പെട്ട യുദ്ധവിമാനത്തില്‍ അഭിനന്ദന് പറക്കേണ്ടി വന്നതിന് കാരണം മോദിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.