മേഘാലയയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് വിച്‌ഛേദിച്ചു
വ്യാഴാഴ്‌ച മുതല്‍ 48 മണിക്കൂറിലേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി സിവിഡി ഡെയ്‌ന്‍ഡോ പറഞ്ഞു.
ഷില്ലോങ് : മേഘാലയയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്‌ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്‍റ് പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. വ്യാഴാഴ്‌ച അഞ്ച് മണി മുതല്‍ 48 മണിക്കൂറിലെക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി സിവിഡി ഡെയ്‌ന്‍ഡോ പറഞ്ഞു. വാട്‌സ്‌ആപ്പ്, ഫെയ്‌സ്‌ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയിലുടെ സമുഹത്തിലേക്ക് ഭീഷണി പടര്‍ത്താതിരിക്കാനാണ് മൊബൈല്‍ കണക്ഷനുകൾ നിര്‍ത്തിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി പത്ത് മണി മുതല്‍ മേഘാലയയിലെ പല പ്രദേശങ്ങളിലും ജില്ല ഭരണകൂടം നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ പത്ത് ജില്ലകളില്‍ നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യം അടുത്ത നാല്‍പത്തിയെട്ട് മണിക്കുര്‍ കൂടി നീട്ടിയിട്ടുണ്ട്.