ന്യൂഡൽഹി: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ പരിഷ്കരിച്ച മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.education.gov.in ൽ നവംബർ 20നാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ സാംസ്കാരിക ഐക്യം വളർത്തുന്നതിനായാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇബിഎസ്ബി) ക്യാമ്പയിൻ ആരംഭിച്ചത്. രാജ്യത്തെ എല്ലാ സ്കൂളുകളിലും ഇബിഎസ്ബി പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതുക്കിയ മാർഗനിർദേശങ്ങൾ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രതിമാസ, വാർഷിക നടത്തിപ്പിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തി. വിദ്യാർഥികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന് പുതുക്കിയ ഇബിഎസ്ബി മാർഗനിർദ്ദേശങ്ങൾ സ്കൂളുകളുമായി പങ്കിടണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർഥിച്ചു.