അഹമ്മദാബാദ്:ആര്‍ത്തവദിനത്തില്‍ ഭക്ഷണമുണ്ടാക്കുന്ന സ്തീകള്‍ അടുത്ത ജന്മത്തില്‍ തെരുവുനായയായി ജനിക്കുമെന്ന് സ്വാമി കൃഷ്ണസ്വരൂപ് ദാസ്‌ജി. ആര്‍ത്തവ ദിനങ്ങളിലുള്ള സ്ത്രീയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ അടുത്ത ജന്മം കാളയാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബൂജിലുള്ള സ്വാമി നാരായണ്‍സ്വാമി ക്ഷേത്രത്തിലെ സ്വാമിയാണ് കൃഷ്ണസ്വരൂപ് ദാസ്ജി. ഗുജറാത്തിലെ സ്വകാര്യ കോളജില്‍ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് ഇടപെട്ട കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കം നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെയാണ് കൃഷ്ണസ്വരൂപിന്‍റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആര്‍ത്തവകാലത്ത് ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ പുനര്‍ജന്മത്തില്‍ തെരുവുപട്ടികള്‍: സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി
ഗുജറാത്തിലെ സ്വകാര്യ കോളജില്‍ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് ഇടപെട്ട കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കം നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെയാണ് കൃഷ്ണസ്വരൂപിന്‍റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ശാസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും കൃഷ്ണസ്വരൂപ് പറയുന്നു. ഭൂജ് രാത്രി സഭയില്‍ കൃഷ്ണസ്വരൂപ് നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് സ്വാമി കൃഷ്ണ സ്വരൂപ് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് അഹമ്മദാബാദ് മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. താന്‍ പറയുന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് എന്തും കരുതാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ആത്മീയ ഗ്രന്ഥങ്ങളില്‍ വിശദമാക്കുന്നതാണെന്നും സ്വാമികൃഷ്ണസ്വരൂപ് പറയുന്നു. പത്ത് വര്‍ഷത്തില്‍ ആദ്യമായാണ് താന്‍ ഇക്കാര്യം വിശ്വാസികളോട് പറയുന്നത്. തന്നോട് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആത്മീയ ഗുരുക്കന്മാരാണ് നിര്‍ദേശം നല്‍കിയത്. ഇതെല്ലാം മതത്തിന്‍റെ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.
എന്നാല്‍ ഇവ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. ആര്‍ത്തവ ദിനങ്ങളിലുള്ള സ്ത്രീ ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് ഭക്ഷണമുണ്ടാക്കുന്നത്. ആ മൂന്ന് ദിവസങ്ങള്‍ സൗന്ദര്യാത്മകമായി പരിപാലിക്കേണ്ടതാണ്. ഇതിനെകുറിച്ചും ആത്മീയ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ വിവാഹിതനാവുന്നതിന് മുന്‍പ് ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചിരിക്കണമെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീം സ്വാമി നാരായണ്‍ മന്ദിര്‍ ട്രസ്റ്റിയായ ജാദവ്ജി ഗോരസ്യ തയ്യാറായിട്ടില്ല.