ശ്രീനഗർ: പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതിൽ ബി.ജെ.പി സർക്കാറിന് അസ്വസ്ഥതയുണ്ടായതിന്‍റെ തെളിവാണ് ഫാറൂഖ് അബ്ദുല്ലയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തതെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്‌തി. കശ്‌മീരിന്‍റെ പ്രത്യേക പദവിയ്ക്കായി പൊരുതാൻ ഫാറൂഖ് അബ്‌ദുല്ലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ കുടിപ്പകയാണ് ഇതിന് പിന്നിലെന്ന് മെഹ്ബൂബ മുഫ്‌തി പറഞ്ഞു.
ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്‌തത്. ബിസിസിഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് നൽകിയിരുന്ന തുകയിൽ 43.69 കോടി രൂപ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ഫാറൂഖ് അബ്ദുല്ല ഉൾപ്പടെയുള്ളവർ ദുര്‍വിനിയോഗം ചെയ്‌തുവെന്നാണ് ആരോപണം. അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യല്ലിനെ കുറിച്ച് പാർട്ടി മറുപടി പറയുമെന്ന് ഫാറൂഖ് അബ്ദുല്ലയുടെ മകൻ ഒമർ അബ്ദുല്ല പറഞ്ഞു.