കൊവിഡിന്‍റെ ആഘാതം കൂടുതൽ അനുഭവിച്ചത് സ്ത്രീകളും കുട്ടികളും കൗമാരക്കാരും: ഹര്‍ഷ് വര്‍ധന്‍ - ന്യൂഡൽഹി
കൊവിഡ് യോദ്ധാക്കൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, കൂടാതെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കൊവിഡ് 19ന്‍റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ചത് സ്ത്രീകളും കുട്ടികളും കൗമാരക്കാരുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. മാതൃ- നവജാത ശിശുക്കളുടെ ആരോഗ്യം സംബന്ധിച്ച ഒരു പരിപാടിയിൽ വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്ക് എല്ലാ ആരോഗ്യ സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നിരന്തര പരിശ്രമങ്ങളാണ് നടത്തുന്നത്. ലക്ഷ്യ, പ്രസവ ശുശ്രൂഷ എന്നീ പദ്ധതികളിലൂടെ നൽകിയ സൗജന്യ സേവനം കൂടുതൽ സ്‌ത്രീകളെ ആശുപത്രിയിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചു. ഉത്തരവാദിത്തമുള്ള ആരോഗ്യസംവിധാനം നൽകുന്നത് സുരക്ഷിത പ്രസവാനുഭവം മാത്രമല്ല മാതൃ-ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. മാതൃ മരണ നിരക്ക് ഇന്ത്യയിൽ കുറഞ്ഞുവരികയാണ്. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലമാണ് പല മരണങ്ങളും സംഭവിക്കുന്നത്. പ്രാഥമിക ആരോഗ്യ പ്രവർത്തകരെ മഹാമാരിയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൊവിഡ് യോദ്ധാക്കൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, കൂടാതെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കൊവിഡ് യോദ്ധാക്കളെ ആദരിക്കുന്നതിനും അവർക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കുന്നതിനും പ്രത്യേക ക്യാമ്പെയിന് തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് റിബൺ അലയൻസ്, എവരി വുമണ്‍ എവരി ചൈൽഡ് എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.