ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പർവീന്ദർ ഗൌതം എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും മോഷ്ടിച്ചതെന്ന് കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്.
ഗോകുൽ ബാരേജിന് സമീപം പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തിൽ പൊലീസ് വെടിയുതിർത്തു. പ്രതിയുടെ കാലിൽ പരിക്കേറ്റിട്ടുണ്ട്. ബാങ്ക് കവർച്ചയുമായി നേരിട്ട് ബന്ധമുള്ള ഇയാളിൽ നിന്നും 21,07,127 രൂപ, ഒരു ബൈക്ക്, തോക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.