ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എന്‍ആര്‍സി) ആവശ്യകതയുണ്ടെന്നും നിയമവിരുദ്ധമായ കുടിയേറിപ്പാർക്കൽ അപകടകരമാണെന്നും ബിജെപി എംപി മനോജ് തിവാരി. നിയമവിരുദ്ധമായി കുടിയേറിപ്പാർത്തവരിൽ നിന്നുള്ള ഭീകരത തടയുന്നതിനും കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനും എൻആർസിയുടെ പ്രാധാന്യം വളരെ വലുതാണെന്ന് മനോജ് തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു.
ഡല്‍ഹിയില്‍ എൻആർസിയുടെ പ്രാധാന്യം വലുത്; മനോജ് തിവാരി - മനോജ് തിവാരി
ഇന്ത്യ വികസനത്തിന്‍റേയും സമാധാനത്തിന്‍റേയും പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി.
അഭയാർത്ഥി സർട്ടിഫിക്കറ്റ് അധികൃതർ സ്വീകരിക്കാത്തതുമൂലം 1971 ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരുടെ പേര് എൻആർസിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പാരമ്പര്യമായ കാരണങ്ങളാൽ പേര് ഉൾപ്പെട്ടിട്ടുള്ളവരുമുണ്ട്. എൻആർസിയോടുള്ള ബിജെപി പിന്തുണ കഴിഞ്ഞ വർഷത്തെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്‌ഗഢിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പ്രശ്‌നമായിരുന്നു. രാജ്യത്താകമാനം എൻആർസി പ്രാവർത്തികമാക്കുമെന്നും ബുദ്ധ, ഹിന്ദു, സിഖ് തുടങ്ങിയവർ ഒഴിച്ചുള്ള എല്ലാ കടന്നുകയറ്റക്കാരെയും രാജ്യത്തുനിന്ന് പുറത്താക്കുമെന്നും ബിജെപി പ്രസിഡന്‍റ് അമിത് ഷാ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം അസം വംശജരിൽ നിന്നും വിദേശികളെ തിരിച്ചറിയുന്നതിനായി 1985 ലാണ് അസമിൽ എൻആർസി ആദ്യമായി പ്രാവർത്തികമാക്കിയത്.
ശനിയാഴ്‌ച പുറത്തുവന്ന എൻആർസിയുടെ അന്തിമപട്ടികയിൽ നിന്നും 19 ലക്ഷം ആളുകളെയാണ് ഒഴിവാക്കിയതെന്നും മൂന്ന് കോടി ജനങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ യോഗ്യരാണെന്നും കണ്ടെത്തിയതായി എൻആർസിയുടെ സ്റ്റേറ്റ് കോർഡിനേറ്റർ പ്രതീക് ഹജീല പറഞ്ഞു. നിയമവിരുദ്ധമായി അതിർത്തി കടന്നവർ തിരിച്ചുപോകണമെന്നും അസം പൗരന്മാർ ഭയപ്പെടേണ്ട കാര്യമില്ലെന്നും തിവാരി പറഞ്ഞു.
ജമ്മുകശ്‌മീർ വിഷയത്തിൽ സൈനിക ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മുന്നറിയിപ്പിനെ മനോജ് തിവാരി വിമര്‍ശിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായതിനുശേഷം പാകിസ്ഥാനിലെ ജനങ്ങൾ പട്ടിണി കാരണം മരിക്കുകയാണ്. പക്ഷേ ഇമ്രാൻ ഖാൻ ഒരിക്കലും 1965 ഉം 1972 ഉം മറക്കാൻ പാടില്ല. കാർഗിൽ തീർച്ചയായും ഓർക്കണം. ഇമ്രാൻ ഖാൻ ചെയ്യുന്ന തെറ്റുകൾ സ്വന്തം രാജ്യത്തെയാണ് ബാധിക്കുന്നതെന്നും മനോജ് തിവാരി പറഞ്ഞു. ഇന്ത്യ വികസനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിലേക്ക് സഞ്ചരിക്കുകയാണെന്നും തിവാരി കൂട്ടിച്ചേർത്തു.