ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ചില രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലേക്ക് ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയതിന് കാരണം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങാണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ കര്‍ഷകരാണ് പ്രതിഷേധം ആരംഭിച്ചത്. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും ഇതുമായി ബന്ധമുണ്ട്. ഹരിയാനയിലെ കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്തില്ലെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. രണ്ട് ദിവസമായി തങ്ങളുടെ കടമ നിര്‍വഹിക്കുന്ന ഹരിയാന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. ഗുരുഗ്രാമില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍.
ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഹരിയാനയിലെ കര്‍ഷകര്‍ പങ്കെടുത്തില്ലെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ചില രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളുമാണെന്ന് ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്രവുമായി കര്‍ഷക പ്രതിനിധികള്‍ സംസാരിക്കണമെന്നും അല്ലാതെ കൂട്ടമായി ചെല്ലുന്നതില്‍ അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കര്‍ഷക പ്രതിഷേധമെന്ന പേരില്‍ നടക്കുന്ന രാഷ്‌ട്രീയത്തെ മനോഹര്‍ ലാല്‍ ഖട്ടര്‍ അപലപിക്കുകയും ചെയ്‌തു. ഹരിയാന പൊലീസിന്‍റെ കര്‍ഷകരോടുള്ള സമീപനത്തെ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് വിമര്‍ശിച്ചിരുന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ പ്രതിഷേധത്തിനായി ഡല്‍ഹിയിലെ നിരങ്കരി സമാഗം മൈതാനത്തില്‍ ശനിയാഴ്‌ച രാവിലെ മുതല്‍ എത്തിച്ചേരുകയായിരുന്നു. ദിവസങ്ങളായി ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തിന് ശേഷം വെള്ളിയാഴ്‌ചയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി ലഭിച്ചത്.