ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഉത്‌നൂർ ഗ്രാമത്തിലാണ് സംഭവം
ഹൈദരാബാദ്: ബോംബുമായി ബൈക്കിൽ യാത്ര ചെയ്ത യുവാവ് ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. ഇരുപത്തിമൂന്നുകാരനായ മഹാരാഷ്‌ട്ര സ്വദേശി മണി റാവുവാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഷാനി റാവുവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഉത്‌നൂർ ഗ്രാമത്തിൽവച്ചാണ് അപകടം നടന്നത്. കൃഷിനാശം വരുത്തുന്ന മൃഗങ്ങളെ കൊല്ലാനാണ് ബോംബെന്നും ബൈക്ക് തെന്നിയതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം. ഇരുവർക്കും ബോംബ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.