കേരളം

kerala

ETV Bharat / bharat

ഇസഡ് പ്ലസ് സുരക്ഷയുടെ മറവിൽ ബിജെപി പണം കടത്തുന്നു ; മമത ബാനർജി - ബിജെപി

ഇസഡ് പ്ലസ് സുരക്ഷയുളള ബിജെപി നേതാക്കൾ സുരക്ഷാപരിശേധനകള്‍ ഒഴിവാക്കി പണമടങ്ങിയ പെട്ടികളുമായാണ് ബംഗാളിലേക്കെത്തുന്നതെന്ന് മമത ബാനര്‍ജി.

മമത ബാനർജി

By

Published : May 11, 2019, 2:08 PM IST

കൊൽക്കത്ത: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇസഡ് പ്ലസ് സുരക്ഷയുളള ബിജെപി നേതാക്കൾ സുരക്ഷ പരിശോധനകള്‍ ഒഴിവാക്കി പണമടങ്ങിയ പെട്ടികളുമായാണ് ബംഗാളിലേക്കെത്തുന്നതെന്ന് മമത. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക് നഗറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിന്‍റെ കാറിൽ നിന്ന് കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു. ബിജെപി നേതാക്കൾ സുരക്ഷ സംവിധാനത്തിലെ പൊലീസ് വാഹനങ്ങൾ പണമടങ്ങിയ പെട്ടികൾ കൊണ്ടുപോകാൻ ഉപയോഗിക്കുകയാണ് . തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബൂത്തുകൾ പിടിക്കാൻ ബിജെപി പാവപ്പെട്ടവർക്ക് ഭക്ഷണപാനീയങ്ങൾ നൽകുന്നു. ഇതൊരു തെരഞ്ഞെടുപ്പ് തന്നെയാണോ എന്നും മമത ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫോട്ടോഗ്രാഫറെയോ മാധ്യമങ്ങളെയോ എന്തുകൊണ്ട് പ്രധാനമന്ത്രി പോകുന്നിടത്തെ ചിത്രങ്ങളെടുക്കാൻ അനുവദിക്കുന്നില്ലെന്നും മമത ചോദിച്ചു. ഒരു ദിവസം ഒരു പെട്ടിയുടെ ചിത്രം പുറത്ത് വന്നു. ഇത്തരത്തിലുള്ള എത്ര പെട്ടികള്‍ ബിജെപി നേതാക്കള്‍ ബംഗാളില്‍ കൊണ്ടുവന്നിട്ടുണ്ടാകാമെന്നും മമത ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്നും പെട്ടി എടുത്ത് മാറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് പ്രതിപാദിച്ചായിരുന്നു മമതയുടെ പരാമര്‍ശം. പണപ്പെട്ടികളുമായി വന്ന് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ല. പണം വിതരണം ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോയ നേതാക്കളെ രാത്രിയിൽ ഉണർന്നിരുന്ന് പിടികൂടും. ഇന്നലെ പ്രചാരണം അവസാനിച്ചപ്പോൾ മുതൽ രാത്രിയിൽ പണപ്പെട്ടിയുമായി ബിജെപി നേതാക്കള്‍ കറങ്ങിനടക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

ABOUT THE AUTHOR

...view details