മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ വിചാരണ നടക്കുന്ന എൻഐഎ കോടതിയിലെ ജഡ്‌ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ പിതാവായ സയിദ് ബിലാൽ ആണ് ജഡ്‌ജി വിഎസ് പട്‌ലാകറിന്‍റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. പട്‌ലാക്കർ ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് നടപടി. കേസിലെ വിചാരണ നടപടികൾ പൂർത്തിയാകുന്നത് വരെ ജഡ്‌ജിയുടെ കാലാവധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.
മാലേഗാവ് സ്ഫോടനം; ജഡ്ജിയുടെ കാലാവധി നീട്ടമെന്ന് കത്ത്
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ പിതാവായ സയിദ് ബിലാൽ ആണ് ജഡ്‌ജി വിഎസ് പട്‌ലാകറിന്‍റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കത്തയച്ചത്
ന്യായവും നീതിയുക്തവുമായ രീതിയിലാണ് എൻഐഎ ജഡ്‌ജിയായ പട്‌ലാക്കർ കേസ് കൈകാര്യം ചെയ്തത്. പ്രതികൾക്ക് പോലും ജഡ്‌ജിയെ കുറിച്ച് മോശമായ ഒരു അഭിപ്രായം ഇല്ലെന്നും ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. പ്രിസൈഡിങ് ഓഫീസറുടെ മാറ്റം വിചാരണയെ ബാധിക്കുമെന്നും കേസിന് കാലതാമസം വരുത്തുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി തീർപ്പാക്കിയിട്ടില്ലാത്ത കേസിൽ ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ ഉൾപ്പെടെ നിരവധി ഉന്നത വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ, ആഭ്യന്തരമന്ത്രി അമിത് ഷാ, എൻഐഎ എന്നിവർക്കും കത്തിന്‍റെ പകർപ്പുകൾ അയച്ചിട്ടുണ്ട്. 2008 സെപ്റ്റംബർ 29നാണ് മഹാരാഷ്ട്രയിലെ മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.