ന്യൂഡല്‍ഹി: സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന് പിന്നാലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ മേജര്‍ രമേശ് ഉപാധ്യായ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നാണ് രമേശ് ഉപാധ്യായ് പത്രിക സമര്‍പ്പിച്ചത്. ഠാക്കൂറിനും ഉപാധ്യായ്ക്കും പുറമെ സുധാകര്‍ ചധുര്‍വേദിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാകും ചതുര്‍വേദി മത്സരിക്കുക.
മാലേഗാവ് സ്ഫോടനക്കേസ് പ്രതി മേജര്‍ രമേശ് ഉപാധ്യായ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ മേജര്‍ രമേശ് ഉപാധ്യായ് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികളായ ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മൂവരും ഇപ്പോള്‍ ജാമ്യത്തിലാണ്. അഖില ഭാരത ഹിന്ദു മഹാസഭയുടെ സ്ഥാനാര്‍ഥിയാണ് ഉപാധ്യായ്. സുധാകര്‍ ചധുര്‍വേദി സ്വതന്ത്ര സ്ഥാനാര്‍ഥിയും. ബിജെപി സ്ഥാനാര്‍ഥി വീരേന്ദ്ര സിങ് മസ്തിനെതിരെയാണ് രമേശ് ഉപാധ്യായ് മത്സരിക്കുന്നത്.
അതേസമയം ജാമ്യത്തിലിറങ്ങി കഴിയുന്ന ഇവര്‍ക്ക് മത്സരിക്കുന്നതില്‍ തടസ്സമില്ലെന്ന് ഠാക്കൂരിന്‍റെ അഭിഭാഷകൻ ജെ പി മിശ്ര പറഞ്ഞു. ഓരോ ഇന്ത്യക്കാരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു. സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മാലേഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയദ് അസറിന്‍റെ പിതാവ് നിസാര്‍ അഹമ്മദ് സയദ് ബിലാല്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച എൻഐഎ കോടതി തള്ളിയിരുന്നു.