ടെലിവിഷൻ കണ്ടതിന് അമ്മ ശാസിച്ചു: പതിനാലുകാരൻ ആത്മഹത്യ ചെയ്തു - മുംബൈ
മഹാരാഷ്ട്രയിൽ പൂനെ ജില്ലയിലെ ബിബ്‌വേവാടി പ്രദേശത്തെ ആദർശ് ചൗളിലാണ് സംഭവം.
മുംബൈ : ടെലിവിഷൻ കണ്ടതിന് അമ്മ ശാസിച്ചതിനെ തുടർന്ന് പതിനാലുകാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിൽ പൂനെ ജില്ലയിലെ ബിബ്‌വേവാടി പ്രദേശത്തെ ആദർശ് ചൗളിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ രാവിലെ മുതൽ ടെലിവിഷൻ കാണുകയായിരുന്ന കുട്ടിയെ അമ്മ ശകാരിക്കുകയും ടിവി ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് ആൺകുട്ടി വീടിന്‍റെ മുകളിലത്തെ നിലയിൽ എത്തുകയും സ്കാർഫ് ഉപയോഗിച്ച് സീലിംഗിൽ തൂങ്ങിമരിക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സഹോദരിയാണ് സംഭവം കണ്ട് എല്ലാവരെയും അറിയിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല. മരിച്ച ആൺ കുട്ടി അമ്മ, സഹോദരി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്.