മദ്യ വിൽപന ശാലകളിൽ ഓൺലൈൻ ടോക്കൺ സംവിധാനം ഒരുക്കി മഹാരാഷ്ട്ര - മുംബൈ
ഇതനുസരിച്ച് ഒരാൾക്ക് എക്സൈസ് വകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താല്‍ ടോക്കൺ നേടാമെന്നും തുടർന്ന് മദ്യ വിൽപന ശാലകളിൽ പോകാം എന്നും അധികൃതർ പറഞ്ഞു.
മുംബൈ : മദ്യ വിൽപന ശാലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഓൺലൈൻ ടോക്കൺ സംവിധാനം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര എക്സൈസ് വകുപ്പ്. ശാരീരിക അകലം പാലിക്കുന്നതിനുളള മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ഓൺലൈൻ ടോക്കൺ സംവിധാനം ആരംഭിക്കുന്നത്. ഇതനുസരിച്ച് ഒരാൾക്ക് എക്സൈസ് വകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താല്‍ ടോക്കൺ നേടാമെന്നും തുടർന്ന് മദ്യ വിൽപനശാലകളിൽ പോകാമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ടോക്കൺ ലഭിക്കുന്നവർക്ക് മാത്രമേ കടയിൽ പോയി മദ്യം വാങ്ങാൻ കഴിയൂ. മദ്യവിൽപന ശാലകൾക്ക് പുറത്തുള്ള ആളുകളുടെ നീണ്ട നിര ഒഴിവാക്കാൻ ഇത് സഹായകരമാകും. തെരുവുകളിൽ തിരക്ക് ഒഴിവാക്കാൻ മദ്യ വിൽപ്പനയ്ക്കായി നൽകുന്ന ടോക്കണുകളുടെ എണ്ണം പരിമിതമാക്കാൻ പദ്ധതിയുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പൂനെ നഗരത്തിൽ ആരംഭിക്കുന്ന ഈ സംവിധാനം വിജയകരമാണെങ്കിൽ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.