ബംഗ്ലരൂ:ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്ത് 24 മണിക്കൂര്‍ ആകും മുമ്പേ രാജി പ്രഖ്യാപിച്ച് കര്‍ണാടകയിലെ ജെഡിഎസിന്റെ ഏക എംപി പ്രജ്വല്‍ രേവണ്ണ. മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ തെരഞ്ഞെടുപ്പിൽ തുമകുരുവില്‍ നിന്ന് പരാജയപ്പെട്ടിരുന്നു. എച്ച്ഡി ദേവഗൗഡക്ക് വേണ്ടിയാണ് കൊച്ചുമകൻ കൂടിയായ പ്രജ്വല്‍ രേവണ്ണ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി വിജയിച്ചിരുന്ന ഹാസനിൽ ദേവഗൗഡ കൊച്ചുമകനെ മത്സരിക്കുകയായിരുന്നു.
മുത്തച്ഛന് വേണ്ടി സ്ഥാനമൊഴിയും; രാജി പ്രഖ്യാപിച്ച് ദേവഗൗഡയുടെ കൊച്ചുമകൻ
"രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദവുമില്ല. എല്ലാം മുത്തച്ഛനെ പാര്‍ലമെന്റിലെത്തിക്കാൻ" - പ്രജ്വല്‍ രേവണ്ണ
തുമകുരുവില്‍ മത്സരിച്ച ദേവഗൗഡ ബിജെപി സ്ഥാനാർഥി ബസവരാജിനോട് 13339 വോട്ടിന് പരാജയപ്പെടുകയായിരുന്നു. അതെ സമയം, ദേവഗൗഡയുടെ തട്ടകമായ ഹാസനില്‍ പ്രജ്വല്‍ 141324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇന്ന് രാവിലെ പത്രസമ്മേളനത്തിലൂടെയാണ് പ്രജ്വല്‍ രേവണ്ണ താൻ രാജി വെക്കുന്നകാര്യം അറിയിച്ചത്. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും എച്ച്ഡി ദേവഗൗഡ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ട് താൻ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രജ്വല്‍ പറഞ്ഞു. ഹാസനില്‍ നിന്ന് വിജയിച്ച് ദേവഗൗഡ വീണ്ടും പാര്‍ലമെന്റിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിവെക്കുന്നതിന് മുമ്പ് എച്ച്ഡി ദേവഗൗഡ, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ കാണുമെന്നും പ്രജ്വല്‍ രേവണ്ണ പറഞ്ഞു. താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇല്ലെന്നും മുത്തച്ഛനെ പാര്‍ലമെന്റിലെത്തിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.