ജയ്പൂർ: ഇന്ത്യയിലെ പലയിടങ്ങളിലും പാകിസ്ഥാനിൽ നിന്നും എത്തുന്ന വെട്ടുക്കിളികളുടെ ആക്രമണം ശക്തമാകുകയാണ്. കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ ഇതിനോടകം തന്നെ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രവേശിച്ച് കഴിഞ്ഞു. പതിവിലും നേരത്തെയുള്ള വെട്ടുകിളി ആക്രമണം വലിയ തോതിലുള്ള നാശനഷ്ടമാണ് രാജസ്ഥാനിൽ ഉണ്ടാക്കിയിട്ടുള്ളത്. വെട്ടുക്കിളി ആക്രമണത്തിനെതിരെ പോരാടാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വക്താവ് ഗൗരവ് ഖരേ പറഞ്ഞു.
ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണം രൂക്ഷമാകുന്നു; വന്‍ കൃഷിനാശത്തിന് സാധ്യത
ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് രാജസ്ഥാനിൽ
ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണം ശക്തമാകുന്നു
വെട്ടുക്കിളി ആക്രമണം മൂലം ഏകദേശം രണ്ട് ലക്ഷം ഹെക്ടറിലധികം വരുന്ന പരുത്തി വിളകള്‍ക്കും പച്ചക്കറികള്‍ക്കും വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വെട്ടുക്കിളികളെ തുരത്തുന്നതിന് കീടനാശിനികൾ തളിക്കുന്നതിനായി സ്‌പ്രേ വാഹനങ്ങള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ കേന്ദ്രം നൽകിയിട്ടുണ്ടെന്നും രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ഹരിയാനയും പഞ്ചാബും അതീവ ജാഗ്രതയിലാണെന്നും ഗൗരവ് ഖരേ പറഞ്ഞു.