ലോക്ക് ഡൗൺ ലംഘിച്ച് ശവസംസ്‌കാരത്തിൽ പങ്കെടുത്തവര്‍ക്കെതിരെ കേസ്
കഴിഞ്ഞ ദിവസം കൽബുർഗിയിലെ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന അഞ്ച് പേരുൾപ്പടെ 100പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്
ബെംഗളൂരു: കർണാടകയിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 100 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ ദിവസം കൽബുർഗിയിലെ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന അഞ്ച് പേരുൾപ്പടെ 100പേർക്കെതിരെയാണ് റോസ പൊലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം തടയുന്നതിനായി ശവസംസ്‌കാര ചടങ്ങുകളിൽ 20 പേർ മാത്രം ഒത്തുചേരാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, 80 മുതൽ 100 പേർ വരെ പങ്കെടുത്ത ചടങ്ങ് ഈ നിർദേശം ലംഘിക്കുകയായിരുന്നു. കൂടാതെ, ലോക്ക് ഡൗൺ ലംഘിച്ച 4,200 വാഹനങ്ങൾ ഇതുവരെ കൽബുർഗി പൊലീസ് പിടിച്ചെടുത്തതായും പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.