കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗണില്‍ ഇളവുകൾ അനുവദിച്ച് ഗുജറാത്ത് സര്‍ക്കാര്‍

റമദാൻ മാസമായതിനാല്‍ മുസ്ലിം സമുദായത്തിന്‍റെ സൗകര്യാര്‍ഥമാണ് ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തിയതെന്ന തരം ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതിലൂടെ ചിലര്‍ രാഷ്‌ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

Gujarat govt  Guj CM  Vijay Rupani  Lockdown relaxations  ഗുജറാത്ത് സര്‍ക്കാര്‍  ഗുജറാത്ത്  ലോക്ക് ഡൗൺ  ലോക്ക് ഡൗൺ ഇളവുകൾ  വിജയ് രൂപാണി
ലോക്ക് ഡൗണില്‍ ഇളവുകൾ അനുവദിച്ച് ഗുജറാത്ത് സര്‍ക്കാര്‍

By

Published : Apr 27, 2020, 8:23 AM IST

ഗാന്ധിനഗര്‍: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നേരിയ ഇളവുകൾ വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. കണ്ടെയ്‌ൻമെന്‍റ് പ്രദേശങ്ങളിലെ മാളുകൾ, ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവ ഒഴികെയുള്ള കടകൾ നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നല്‍കി. കൊവിഡ് ബാധ രൂക്ഷമായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിൽ അവശ്യ വസ്‌തുക്കൾ ലഭ്യമാകുന്ന കടകളൊഴികെ മറ്റൊന്നും മെയ്‌ മൂന്ന് വരെ തുറക്കാൻ അനുവദിക്കില്ല.

അതേസമയം ഇളവുകൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിന് വിശുദ്ധ റമദാൻ മാസവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. റമദാൻ മാസമായതിനാല്‍ മുസ്ലിം സമുദായത്തിന്‍റെ സൗകര്യാര്‍ഥമാണ് ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തിയതെന്ന തരം ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതിലൂടെ ചിലര്‍ രാഷ്‌ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താൻ പ്രചരണം നടത്തുകയാണെന്നും വിജയ് രൂപാണി പറഞ്ഞു. ഇത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

6.5 കോടി ഗുജറാത്തികളുടെ സുരക്ഷ ഉറപ്പുവരുത്തുക, കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും തമ്മിൽ ഞങ്ങൾ വിവേചനം കാണിക്കുന്നില്ല. 6.5 കോടി ഗുജറാത്തികൾക്ക് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നതെന്നും രൂപാണി പറഞ്ഞു.

രാംനവ്മി, ചിത്ര നവരാത്രി എന്നീ ഹിന്ദു ഉത്സവങ്ങളുടെ സമയത്ത് ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് സംസ്ഥാന സർക്കാർ അനുവദിച്ചില്ല. അതേ സര്‍ക്കാര്‍ റമദാൻ മാസത്തില്‍ മുസ്ലിങ്ങൾക്കായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു എന്ന വാര്‍ത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയത്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മിക്ക കണ്ടെയ്‌ൻമെന്‍റ് മേഖലകളും മുസ്‌ലിം ഭൂരിപക്ഷം കൂടിയ പ്രദേശങ്ങളാണ്. കേന്ദ്ര മാർഗ നിർദേശങ്ങൾ അനുസരിച്ച് കണ്ടെയ്‌ൻമെന്‍റ് സോണുകളിലെ ഒരു കടകളും തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഷോപ്പ് ഉടമകളെക്കുറിച്ചും കൊറോണ വൈറസ് കേസുകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചും ഭരണകൂടം ഒരുപോലെ ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് തീവ്ര ബാധിത പ്രദേശമല്ലാത്ത ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നല്‍കിയിട്ടുണ്ട്. ഗുജറാത്ത് സർക്കാർ കേന്ദ്രത്തിന്‍റെ മാർഗ നിർദേശങ്ങൾ പാലിക്കുമെന്നും തിടുക്കത്തിൽ കടകൾ തുറക്കേണ്ടതിന്‍റെ ആവശ്യമില്ലെന്ന് കച്ചവടക്കാര്‍ തന്നെ വിളിച്ച് അറിയിച്ചെന്നും രൂപാണി പറഞ്ഞു. ഏപ്രിൽ 11 വരെ 468 പേരെ ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിൽ 282 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതായത് 60 ശതമാനം ആളുകളെ കൊവിഡില്‍ നിന്ന് വീണ്ടെടുക്കാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ക്കാണ് കൊവിഡ് പിടിപ്പെട്ടതെന്നും ഇത് മരണ സംഖ്യ ഉയരാൻ ഇടയാക്കിയെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. 80 ശതമാനം കൊവിഡ് രോഗികളും ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പ്രമേഹവും രക്ത സമ്മര്‍ദവുമൊക്കെയുള്ളവരായിരുന്നെന്ന് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 133 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details