നമുക്ക് നമ്മുടെ ഭാവി വീണ്ടും കെട്ടിപ്പടുക്കാം!
കൊവിഡ് മഹാമാരി ലോകത്തെ കൂടുതല്‍ മാരകമായി ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് അതുമൂലം ഉണ്ടാകാനിടയുള്ള മരണ നിരക്കുകള്‍ കുറക്കുന്നതിനായി പ്രഖ്യാപിച്ച അടച്ചു പൂട്ടല്‍ മുതല്‍ പല മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. ഈ നിശ്ചലാവസ്ഥ ഏറെ കാലം ഒന്നും നീണ്ടു നില്‍ക്കില്ല. പ്രതിസന്ധി മായുന്നതോടെ സ്ഥിതി ഗതികള്‍ മെച്ചപ്പെട്ടു തുടങ്ങും. ഉല്‍പ്പാദന, കയറ്റുമതി മേഖലകള്‍ക്ക് പുതു ജീവന്‍ പകര്‍ന്നു നല്‍കി അതിനെ ഉത്തേജിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുവാന്‍ തൻ്റെ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രാജ്യത്ത് കൂടുതല്‍ സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുവാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അറിയാന്‍ കഴിയുന്നു. നിലവിലുള്ള നിശ്ചലമായ സാമ്പത്തിക വളര്‍ച്ചക്ക് പുതിയൊരു ശക്തി നല്‍കുന്നതിന് കഴിവുള്ളവയായി കണക്കാക്കപ്പെടുന്ന രാജ്യത്തെ മേഖലകളാണ് മരുന്നു നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധ ഉപകരണ വ്യവസായം എന്നിവയെല്ലാം . അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 35000 കോടി രൂപ മൂല്യമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യം പ്രധാനമന്ത്രി നിശ്ചയിച്ച് കഴിഞ്ഞതാണ്. ഈ ആസൂത്രണങ്ങളെല്ലാം ഫലപ്രാപ്തി കണ്ടാല്‍ 'മേക്ക് ഇൻ ഇൻഡ്യ' എന്ന ലക്ഷ്യത്തിന് പുതു ജീവന്‍ പകര്‍ന്നു നല്‍കാന്‍ അത് ധാരാളമാണ്.
അഞ്ചര വര്‍ഷം മുന്‍പ് 'മേക്ക് ഇൻ ഇൻഡ്യ' എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോള്‍ 2022-ഓടു കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിൻ്റെ 22 ശതമാനമായി ഉല്‍പ്പാദന മേഖലയെ മാറ്റിയെടുക്കുക എന്ന അഭിലാഷ പൂര്‍ണ്ണമായ ലക്ഷ്യമാണ് കേന്ദ്രം അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചത്. ഇത് ഒരു കോടി തൊഴില്‍ സാധ്യത അധികമായി സൃഷ്ടിക്കും എന്ന് കണക്കാക്കപ്പെട്ടിരുന്നു. പക്ഷെ വളരെ പെട്ടെന്ന് തന്നെ ആ ആവേശം ഒക്കെ കെട്ടടങ്ങി. ഈയിടെ പുറത്തിറങ്ങിയ സാമ്പത്തിക സര്‍വെ വെളിപ്പെടുത്തിയത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ'' എന്ന ഒരു പുതുക്കിയ പദ്ധതിയായിരുന്നു. ഇതിനെ എന്തൊക്കെ പേരു നല്‍കി വിളിച്ചാലും രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടത്ര തൊഴില്‍ ആഭ്യന്തര രംഗത്ത് സൃഷ്ടിക്കാന്‍ ഉതകുന്ന ഒരു നടപടി ആസൂത്രണമാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്.
നിലവിലുള്ള വിളവെടുപ്പ് സീസണില്‍ പോളിൻ്റെ വന്‍ ദൗര്‍ലഭ്യമാണ് നിരവധി സംസ്ഥാനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി ചെറുകിട വ്യാപാര മേഖലകളെ കരാറില്‍ എടുക്കേണ്ടതുണ്ട്. കൈയ്യുറകള്‍ പോലുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ സംഭരിക്കേണ്ടതാണ്. അസംഘടിത മേഖലയിലെ നാലു കോടി തൊഴിലാളികളുടെ ജീവനുകൾ ഭീഷണി നേരിടുന്ന ഈ വേളയില്‍ അവര്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ സൃഷ്ടിച്ചെടുത്തു കൊണ്ട് അവരെ സഹായിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതായിട്ടുള്ളത്.
ഈ അടുത്ത കാലത്ത് ചൈനയില്‍ നിന്നും വന്‍ തോതില്‍ (67 ശതമാനം) മരുന്നുകളും മരുന്നു നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടി വന്ന സംഭവ വികാസം സജീവ ഫാര്‍മാ ചേരുവകകള്‍ക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സജീവ ഫാര്‍മാ ചേരുവകള്‍ ഇന്ത്യ സ്വയം ആര്‍ജ്ജിച്ചെടുത്ത ഒരു കരുത്തായിരുന്നു. 25 വര്‍ഷം മുന്‍പ് വരെ ഗുളികകളും ക്യാപ്‌സൂളുകളും നിര്‍മ്മിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അസംസ്‌കൃത രാസ വസ്തുക്കള്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മിക്കുകയും ശുദ്ധിയാക്കി എടുക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തായിരുന്നു. ആ പതിവ് തിരിച്ചു പിടിക്കുവാനായാല്‍ ഫാര്‍മ ചേരുവകകള്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യക്ക് പിന്നീട് യാതൊരു തരത്തിലുമുള്ള മത്സരവും നേരിടേണ്ടി വരില്ല. ചൂരല്‍ കസേരകള്‍, ചണം കൊണ്ടും തുകൽ കൊണ്ടും ഉള്ള വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട വ്യവസായ മേഖലക്ക് സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു കൈ താങ്ങും, മറ്റ് ആവശ്യമായ പിന്തുണകളും നല്‍കിയാല്‍ ഇവിടെ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സ്‌പെയര്‍ പാര്‍ട്‌സ് ഉപകരണങ്ങളുടേയും ഉപസംവിധാനങ്ങളുടേയും മേഖലയെ നിയന്ത്രിക്കുക വഴി വെടിക്കോപ്പ് ഉപകരണ നിര്‍മ്മാണ മേഖല പോലുള്ള നിര്‍ണ്ണായക മേഖലകള്‍ സ്വയം പര്യാപ്തമാവും. ഇന്ത്യയെ പോലുള്ള ഒരു വന്‍ കിട കാര്‍ഷിക രാജ്യത്ത് ഭക്ഷ്യ സംസ്‌കരണ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. നമുക്ക് അത്യാവശ്യമുള്ളതും കയറ്റി അയക്കാവുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുവാന്‍ കഴിഞ്ഞാല്‍ അത് തൊഴിലില്ലായ്മ അകറ്റുന്നതോടൊപ്പം തന്നെ ഇന്ത്യയെ സ്വയം പര്യാപ്തവുമാക്കും.