ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ കുമവോണ്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന അല്‍മോറ പട്ടണം പ്രകൃതി രമണീയത കൊണ്ടും കൊത്ത് പണികൾ കൊണ്ടും ഏറെ പ്രസിദ്ധമാണ്. മൂന്നര നൂറ്റാണ്ടുകള്‍ക്ക് മേലെ പഴക്കമുള്ള മര കൊത്തുപണികളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന പട്ടണമാണിത്. മഹത്തായ കരകൗശല വൈദഗ്ധ്യത്തിന്‍റെ തെളിവുകള്‍ ഇന്നും അല്‍മോറയിലെ കുന്നുകളില്‍ കാണുന്ന വീടുകളില്‍ മായാതെ നിലനിലക്കുന്നുണ്ട്. ഒരു കാലത്ത് മര കൊത്തുപണികളാലും കരകൗശല വസ്തുക്കളാലും തിളങ്ങി നിന്നിരുന്ന പ്രദേശമായിരുന്നു അല്‍മോറ.
വാതിലുകളിലെയും ജനലുകളിലെയും കൊത്തുപണികൾ കാണുന്ന ഏതൊരാളും പട്ടണത്തിൽ മുഴുവൻ വിശ്വകര്‍മ ഭഗവന്‍റെ കര സ്പര്‍ശമേറ്റ് പുണ്യപ്പെട്ടതാണെന്ന് ഓർക്കും. ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം വിശ്വകര്‍മ ഭഗവാനാണ് വിശുദ്ധ വാസ്തുവിദ്യാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്. പഴയകാല അല്‍മോറ സാംസ്‌കാരികപരമായും കലാപരമായും എത്രത്തോളം സമ്പന്നമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നവയാണ് മനോഹരമായ കലാരൂപങ്ങളുടെ ബാക്കി പത്രങ്ങള്‍.
രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്‌കാരികപരവുമായ സമ്പന്നതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന അല്‍മോറ നഗരത്തില്‍ അതി വൈദഗ്ധ്യമാര്‍ന്ന മര കൊത്ത് വേലകളുടെ നിരവധി അനുപമമായ ഉദാഹരണങ്ങള്‍ ഉണ്ട്. ഈ നഗരത്തിന്‍റെ മഹത്തായ ചരിത്രത്തില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും ഒക്കെ ഓര്‍മകള്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്.
ഏതാണ്ട് മൂന്നര നൂറ്റാണ്ടോളം ചാന്ദ് ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു അല്‍മോറ. കത്ത്യൂരി താഴ്‌വരയിലെ കത്ത്യൂരി രാജവംശവുമായി ബന്ധപ്പെട്ട മഹത്തായ ചരിത്രവും ഇതിനുണ്ട്. അല്‍മോറയിലെ പൗരാണിക മര കൊത്തുപണികള്‍ രാജ്യത്തും ലോകത്തുടനീളവും അതിന്‍റെ മുദ്രകള്‍ പതിപ്പിച്ചവയാണ്.