ന്യൂഡൽഹി: സുഷമ സ്വരാജിന്‍റെ മരണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തയായ വനിതാ നേതാവിനെ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച നേതാവായിരുന്ന സുഷമ സ്വരാജ് ലോക്ഭയിലെ മുതിർന്ന നേതാവ് കൂടിയായിരുന്നു. ആദ്യ മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ അഭിഭാഷകയായി ആയി ജോലി നോക്കാൻ തുടങ്ങി. 1970 ൽ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് എന്ന വിദ്യാർഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി.
വിടവാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ധീര വനിത
1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നേതൃത്വപാടവം കൊണ്ട് ശ്രദ്ധ നേടിയ സുഷമ സ്വരാജ്, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന സ്ഥാനത്തേക്ക് ഉയർന്നു. ഇതുവരെ പത്ത് തെരഞ്ഞെടുപ്പുകളിൽ സുഷമ സ്വരാജ് മത്സരിച്ചിട്ടുണ്ട്. ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്ന് വരെ ഡൽഹി മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചു. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ ആഗോള പ്രശംസ നേടിയ നേതാവാണ് സുഷമ സ്വരാജ്. പാകിസ്ഥാനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. വിദേശത്തുള്ള ബന്ധുക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്വിറ്റർ വഴി സമീപിച്ചവരെയൊക്കെ സുഷമയുടെ ഇടപെടൽ സഹായകരമായിരുന്നു. ലോക്‌സഭയിലേയ്ക്കു ജയിച്ചതു 4 തവണ. രാജ്യസഭാംഗമായതു 3 തവണയും. സ്വരാജ് കൗശൽ ഭർത്താവും ബാൻസുരി സ്വരാജ് മകളുമാണ്.