കൊൽക്കത്ത: "ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ അമ്മ ഞാനാണ്," ഏതാനും ദിവസങ്ങൾക്കു മുമ്പ് താൻ നേരിട്ട ദുരന്തമുഖത്തെ കുറിച്ച് കണ്ണീരോടെ വിശദീകരിക്കുകയാണ് പശ്ചിമ ബംഗാളിലെ ഹാൽദിയ സ്വദേശിയായ അർച്ചന സിംഗ്. ഉംപുൻ ചുഴലിക്കാറ്റ് വിതച്ച വിനാശത്തിൽ അർച്ചനക്ക് നഷ്‌ടപ്പെട്ടത് തന്‍റെ രണ്ട് മക്കളെയാണ്. അവരെ ദുരന്തം കവർന്നെടുക്കുന്നത് നേരിട്ടു കണ്ട അമ്മയായ താനാണ് ഏറ്റവും വലിയ നിർഭാഗ്യവതിയെന്നും അർച്ചന പറയുന്നു. ഈ മാസം 20ന് വീശിയടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ അർച്ചനയുടെ മക്കളായ രഞ്ജിത് (18), പ്രസൻജിത് (16) എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് മക്കളെയും നഷ്‌ടപ്പെട്ടു; ദുരന്തമുഖത്ത് നിന്നും കരകയറാനാകാതെ ഒരമ്മ
ഉംപുൻ ചുഴലിക്കാറ്റ് വിതച്ച വിനാശത്തിൽ രണ്ട് മക്കളെയും നഷ്‌ടപ്പെട്ടു. അവരെ രക്ഷിക്കാനാകാതെ കണ്ടു നിൽക്കേണ്ടി വന്ന ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ അമ്മയാണ് താനെന്നാണ് ഹാൽദിയ സ്വദേശി അർച്ചന സിംഗ് പറയുന്നത്
"ഞങ്ങൾ വൈകുന്നേരം വീട്ടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. ഒരു യൂക്കാലിപ്റ്റസ് മരം ഞങ്ങളുടെ കുടിലിൻ മേൽ പതിച്ചു. പിന്നീടെല്ലാം ഇരുട്ടായിരുന്നു. മാനസികമായി വൈകല്യമുള്ള എന്‍റെ ഭർത്താവ് എങ്ങനെയോ എന്നെ കുടിലിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. പക്ഷേ, ഞങ്ങളുടെ മക്കളെ രക്ഷിക്കാൻ സാധിച്ചില്ല. അവർ എന്‍റെ കൺമുമ്പിലാണ് മരിച്ചത്," അർച്ചന സിംഗ് വിവരിച്ചു. സർക്കാർ ധനസഹായം തന്നെങ്കിലും തന്‍റെ നഷ്‌ടത്തിന് ഇത് യാതൊരു പ്രതിവിധിയല്ലെന്നും വേദനയോടെ ആ അമ്മ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് മരങ്ങൾ വീടുകൾക്കും കെട്ടിയങ്ങൾക്കും മുകളിലേക്ക് പതിച്ച് കനത്ത നാശനഷ്ടമുണ്ടാക്കി. റിപ്പോർട്ടുകൾ പ്രകാരം, അയ്യായിരത്തോളം വീടുകൾ ദുരന്തത്തിൽ നശിപ്പിക്കപ്പെട്ടു. ഇതിന് ശേഷം, ദശലക്ഷക്കണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയും ഇല്ലാതെ ജീവിക്കുകയാണ്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടയിൽ ഉംപുൻ വരുത്തിയ നാശനഷ്ടം ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കി. ഗ്രാമങ്ങളിൽ മാത്രമല്ല, നഗര പ്രദേശങ്ങളിലും ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി സേവനങ്ങൾ പുനസ്ഥാപിക്കാത്തതിനാൽ ആളുകൾ ദുരിതമനുഭവിക്കുകയാണ്.