ഹൈദരാബാദ്: പുതുതായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി ഇ.രാജേന്ദറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച സംഘടിപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തും അതിന് ചുറ്റുമുള്ള ജില്ലകളിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ, ആന്ധ്രയിലെ ഗുണ്ടൂർ, കർനൂൾ ജില്ലകളോട് ചേർന്നുള്ള സംസ്ഥാനത്തെ ഗ്രാമങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി - telangana lock down
പുതിയതായി രോഗികളെ കണ്ടെത്തിയ ഹൈദരാബാദ്, മെഡ്‌ചൽ, രംഗാറെഡ്ഡി, വികാരാബാദ് ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആന്ധ്രയിലെ ഗുണ്ടൂർ, കർനൂൾ ജില്ലകളോട് ചേർന്നുള്ള സംസ്ഥാനത്തെ ഗ്രാമങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
തെലങ്കാനയുടെ മറ്റ് പ്രദേശങ്ങളിൽ വൈറസ് വ്യാപനം താരതമ്യേന കുറവാണ്. എന്നാൽ, പുതിയതായി രോഗികളെ കണ്ടെത്തിയ ഹൈദരാബാദ്, മെഡ്‌ചൽ, രംഗാറെഡ്ഡി, വികാരാബാദ് ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വൈറസ് ലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും ചികിത്സ നൽകണം. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നവരെയും അകത്തേക്ക് കടക്കുന്നവരെയും തടയാൻ കർശന നടപടികൾ സ്വീകരിക്കാനും ചന്ദ്രശേഖർ റാവു നിർദേശിച്ചു. കാര്യക്ഷമതയുള്ള പൊലീസ്, ഐഎഎസ്, ആരോഗ്യ മേഖലയിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി പ്രത്യേക ചുമതലയോടെ നിയമിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ലോക്ക് ഡൗൺ ഈ മാസം 29 വരെ നീട്ടിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.