ബെംഗ്ലൂരു:ഭരണപ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. തിങ്കളാഴ്ചക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ധാരണ. വിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ നിയമസഭയില്‍ ചര്‍ച്ച അവസാനിച്ചിട്ടില്ല. ചര്‍ച്ച എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. വിശ്വാസ പ്രമേയത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ല. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.
കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണര്‍, കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് - വിശ്വാസവോട്ടെടുപ്പ്
ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്. വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് ഗവര്‍ണര്‍. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രം
എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. അതേസമയം ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയില്‍ പ്രതിഷേധം തുടരുകയാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപ്പിന്‍റെ നിയമസാധുതയില്‍ സ്പീക്കറും ഇന്ന് മറുപടി നല്‍കിയേക്കും.