ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സ്ഥാനത്തു നിന്നും വൈകാതെ നീക്കുമെന്ന് ബിജെപി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ യദ്യൂരപ്പയില്‍ സംതൃപ്‌തരല്ലെന്നും എംഎല്‍എ പറഞ്ഞു. അടുത്ത മുഖ്യമന്ത്രി നോര്‍ത്ത് കര്‍ണാടകയില്‍ നിന്നായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ബസനഗൗഡ പാട്ടീലിന്‍റെ പ്രസ്‌താവന.
ബിഎസ് യദ്യൂരപ്പയ്‌ക്കെതിരെ ബി.ജെ.പിയില്‍ ശക്തമായ നീക്കം - ബസനഗൗഡ പാട്ടീല്‍ യത്‌നല്‍
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ യെദ്യൂരപ്പയില്‍ സംതൃപ്‌തരല്ലെന്നും ബിജെപി എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍
നോര്‍ത്ത് കര്‍ണാടകയിലെ 100 ബിജെപി എംഎല്‍എമാരുടെ പിന്തുണ കൊണ്ടാണ് യദ്യൂരപ്പ മുഖ്യമന്ത്രിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം നിലവിലെ മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പകരം നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള മുഖ്യമന്ത്രിയാകാനാണ് ആഗ്രഹിച്ചിരുന്നതെന്നും നേരത്ത മുതിര്‍ന്ന ബിജെപി നേതാവായ ഉമേഷ് കാത്തി പറഞ്ഞിരുന്നു. സമാനമായി ഉമേഷ് കാത്തി, ബസനഗൗഡ പാട്ടീല്‍, മുരുഗേഷ് നിരാനി, രമേഷ് കാത്തി, സിപി യോഗീശ്വര്‍, രജുഗൗഡ എന്നിവര്‍ ചേര്‍ന്ന് ഈ വര്‍ഷം ആദ്യം തന്നെ യദ്യൂരപ്പയ്‌ക്കെതിരെ സംസ്ഥാനത്തിന്‍റെ പല ഭാഗത്തായി നിരവധി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.