ബെംഗളൂരു: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യമെമ്പാടുമുള്ള ആരാധനാലയങ്ങൾ മാർച്ച് മാസം മുതൽ അടച്ചുപൂട്ടിയിരുന്നു. എന്നാൽ, രണ്ടു മാസം നീണ്ടുനിന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുനൽകുന്നതിന്‍റെ ഭാഗമായി കർണാടകയിലെ ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടുത്ത മാസം ഒന്നാം തിയതി മുതൽ ക്ഷേത്രങ്ങൾ തുറക്കാനാണ് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുവാദം നൽകിയിരിക്കുന്നത്. ഇതോടെ, ലോക്ക് ഡൗണിന് ശേഷം ക്ഷേത്രങ്ങൾ തുറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കർണാടക മാറും.
കർണാടകയിൽ അടുത്ത മാസം മുതൽ ക്ഷേത്രങ്ങൾ തുറക്കും - Minister Kota Shrrenicasa Poojari
ജൂൺ ഒന്നു മുതൽ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചതോടെ, ലോക്ക് ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്ന ആദ്യ സംസ്ഥാനമാകും കർണാടക
മുഖ്യമന്ത്രിയും മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചർച്ചയിലാണ് കൊവിഡിനെതിരെ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനമെടുത്തത്. ഭക്തർക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങളും ലോക്ക് ഡൗണിൽ നിർത്തിവച്ച മറ്റ് പൂജാ കർമങ്ങളും പുനരാരംഭിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്‌തു. അതേ സമയം, വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാൻ സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് യെദ്യൂരപ്പ നിർദേശിച്ചിട്ടുണ്ട്. മുസ്റിയാ (ദേവസ്വം) വകുപ്പിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങൾ ജൂൺ ഒന്നു മുതൽ വീണ്ടും തുറക്കുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി ചർച്ചക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ, മുസ്‌ലിം, ക്രിസ്‌ത്യൻ പള്ളികൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കോട്ട ശ്രീനിവാസ പൂജാരി വ്യക്തമാക്കി.