ശ്രീനഗര്‍: കടുത്ത തണുപ്പ് കാലത്ത് താപനില പൂജ്യത്തിനു താഴോട്ട് പോകുന്ന കാലാവസ്ഥയെ കശ്മീരിലെ ജനങ്ങള്‍ എങ്ങനെ മറികടക്കുന്നു എന്ന് നാം അത്ഭുതത്തോടെ ചിന്തിക്കാറുണ്ട്. കടുത്ത തണുപ്പിൽ വൈദ്യുതി പോലും ഉണ്ടാകാത്ത അവസ്ഥകളില്‍ അവര്‍ എങ്ങനെയായിരിക്കും ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കുന്നത്?
ഇത്തവണ കശ്മീരിലെ ചില സ്ഥലങ്ങളിലൊക്കെ താപനില മൈനസ് 15 വരെ താഴ്ന്നിരിക്കുന്നു. കൊടും തണുപ്പില്‍ നിന്നും മുക്തി നേടുവാന്‍ കശ്മീരുകാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത് കാംഗ്രി എന്ന നെരിപ്പോടാണ്. കടുത്ത തണുപ്പ് കാലത്ത് കശ്മീരുകാരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് കാംഗ്രി. മെടഞ്ഞുണ്ടാക്കിയ ചൂരല്‍ വള്ളിയില്‍ ഇറക്കി വെച്ചിരിക്കുന്ന ഒരു മണ്‍കുടുക്കയാണ് കാംഗ്രി. ആദ്യം ഈ മണ്‍പാത്രം തീയിൽ ചുട്ട് കടഞ്ഞെടുത്ത് ശേഷം കരകൗശല വിദഗ്ധര്‍ അതിനു ചുറ്റും ഒരു ചൂരല്‍ വള്ളി കൊണ്ട് മെടയുന്നു. പിടിക്കുവാന്‍ രണ്ട് കൈകളും വെച്ചു പിടിപ്പിക്കും. മണ്‍പാത്രത്തിന്‍റെ പിറക് വശത്ത് കുറച്ച് ബലമുള്ള ചൂരല്‍ കമ്പുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും. പിന്നീട് അതിന് സുന്ദരമായ രൂപം നല്‍കുന്നതിനായി പല നിറങ്ങള്‍ പൂശി കൊടുക്കും.
ശരീരത്തിന് ചൂട് ലഭിക്കുന്നതിന് വേണ്ടി തണുപ്പ് കാലത്ത് കശ്മീരുകാര്‍ ധരിക്കുന്ന ഫെറാന്‍ എന്ന രോമകുപ്പായത്തിനുള്ളിലാണ് കാംഗ്രി ഉപയോഗിക്കുന്നത്. വെറും 250 ഗ്രാം കല്‍ക്കരി ഉണ്ടെങ്കില്‍ ഒരു കാംഗ്രി ചൂട് പിടിപ്പിക്കാന്‍ കഴിയും. മണിക്കൂറുകളോളം ശരീരത്തിന് ചൂട് നല്‍കുവാന്‍ അത് ധാരാളമാണ്.